റാഫ തന്നെ; നാദാലിന് മൂന്നാം യു എസ് ഓപ്പണ്‍ കിരീടം

ന്യൂയോര്‍ക്ക്: കന്നി കിരീടമോഹവുമായി ഫൈനലിലെത്തിയ ആന്‍ഡേഴ്‌സണും റാഫേല്‍ നദാലിന്റെ കിരീട ദാഹത്തിനു കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. യു.എസ് ഓപ്പണ്‍ കിരീടപ്പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ച് (6-4, 6-3, 6-4.) സ്‌പെയിനിന്റെ ലോക ഒന്നാം നമ്പര്‍ താരം റഫേല്‍ നദാല്‍ ജേതാവായി. നദാലിന്റെ 16-ാം ഗ്രാന്‍ഡ്സ്ലാം കിരീടനേട്ടമാണിത്. മൂന്നാം തവണയാണ് നദാല്‍ യു.എസ് ഓപ്പണില്‍ മുത്തമിടുന്നത്.

ആദ്യ സെറ്റ് 6-4ന് നേടി നദാല്‍ ആധിപത്യം സ്ഥാപിച്ചു. ഇഞ്ചോടിച്ച് പൊരുതി ആന്‍ഡേഴ്‌സണ്‍ രണ്ടാം സെറ്റില്‍ തിരിച്ചടിക്കുമെന്ന് തോന്നിച്ചെങ്കിലും നദാലിന്റെ കരുത്തിനു മുന്നില്‍ അതൊന്നും വിലപ്പോയില്ല. രണ്ടാം സെറ്റിലും 6-3നു നദാലിന് മുന്നില്‍ കെവിന്‍ കീഴടങ്ങി. മൂന്നാംസെറ്റില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചുവരവിനുള്ള ചെറിയ ശ്രമം നടത്തിയെങ്കിലും പരിചയ സമ്പന്നതയുടെ മികവില്‍ നദാല്‍ കിരീടമുറപ്പിച്ചു.