യൂണിഫോം ധരിക്കാത്ത വിദ്യര്‍ത്ഥിനിയെ മൂത്രപ്പുരയില്‍ നിര്‍ത്തി അധ്യാപികയുടെ ക്രൂര ശിക്ഷ

ഹൈദരാബാദ്: യൂണിഫോം ധരിക്കാതെ സ്‌കൂളില്‍ എത്തിയതിന് 11 വയസ്സുകാരിക്കു കായികാധ്യാപികയുടെ ക്രൂര ശിക്ഷ നടപടി. യൂണിഫോമിടേണ്ട ദിവസം കളര്‍ വസ്ത്രമണിഞ്ഞ് സ്‌കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ കായിക അധ്യാപിക ആണ്‍കുട്ടികളുടെ മൂത്രപുരയില്‍ നിര്‍ത്തിയാണ് ശിക്ഷിച്ചത്. ഹൈദരാബാദിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവമുണ്ടായത്. ഇത്തരമൊരു കടുത്ത ശിക്ഷ നല്‍കിയ അധ്യാപികയ്ക്ക് നേരെ പോസ്‌കോ നിയമം പ്രകാരം കേസ് എടുത്തിട്ടുണ്ട്.

ക്ലാസ്മുറിയിലേക്ക് പോകുമ്പോള്‍ സ്‌കൂളിലെ കായിക അധ്യാപിക പെണ്‍കുട്ടിയോട് യൂണിഫോം ധരിക്കാത്തന്തെന്ന് ചോദിച്ചു. യൂണിഫോം അമ്മ കഴുകി ഇട്ടിരിക്കുകയാണെന്നും ഉണങ്ങാത്തതുകൊണ്ടാണ്
കളര്‍ വസ്ത്രം ധരിച്ചതെന്നും ഈ കാരണം അറിയിച്ചുകൊണ്ട് ഡയറിയില്‍ മാതാപിതാക്കള്‍ കുറിപ്പ് എഴുതിയിട്ടുണ്ടെന്നും കുട്ടി മറുപടി പറഞ്ഞു. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അധ്യാപിക വിദ്യാര്‍ത്ഥിനിയെ ആണ്‍കുട്ടികളുടെ മൂത്രപുരയിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകയും അവിടെ നില്‍ക്കാന്‍ പറയുകയുമായിരുന്നു.

കുറച്ചു സമയം ആണ്‍കുട്ടികളുടെ മൂത്രപ്പുരയില്‍ നിന്ന തന്നെ നോക്കി മറ്റ് കുട്ടികള്‍ കളിയാക്കി എന്നും പെണ്‍കുട്ടി പറയുന്നു. ഇതിനു ശേഷമാണ് ക്ലാസ്സ്മുറിയിലേക്ക് പോകാനുളള അനുമതി നല്‍കിയത്. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം പറയുകയും, രക്ഷിതാക്കള്‍ മറ്റുള്ളവര്‍ അറിയിക്കുകയുമായിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് അധ്യാപകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.