അനിതയുടെ വീട്ടില്‍ ഇളയദളപതിയെത്തി; മകളുടെ വിയോഗത്തില്‍ കഴിയുന്ന രക്ഷിതാക്കള്‍ക്ക് പിന്തുണ

മെഡിക്കല്‍ പ്രവേശനം ലഭിക്കാഞ്ഞതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത തമിഴ് വിദ്യാര്‍ഥി അനിതയുടെ വീട് ചലച്ചിത്ര താരം വിജയ് സന്ദര്‍ശിച്ചു. അനിതയുടെ അച്ഛനുമായും മറ്റു കുടുംബാംഗങ്ങളുമായി അല്‍പ്പ സമയം സംസാരിച്ച വിജയ്, അവര്‍ക്കു പൂര്‍ണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 98% മാര്‍ക്ക് നേടിയിട്ടും ‘നീറ്റ്’ കടമ്പയില്‍ തട്ടി അനിതയ്ക്കു മെഡിക്കല്‍ പ്രവേശനം നിഷേധിക്കപ്പെടുകയായിരുന്നു. ചുമട്ടുതൊഴിലാളിയായ ഷണ്‍മുഖന്റെ മകളാണ് അനിത. പത്താം ക്ലാസില്‍ 500ല്‍ 442 മാര്‍ക്കും പ്ലസ്ടുവില്‍ 1200ല്‍ 1176 മാര്‍ക്കം നേടിയ അനിത, പ്ലസ്ടു പരീക്ഷയില്‍ തമിഴ്‌നാട്ടിലെ പെരമ്പാളൂര്‍ ജില്ലയില്‍ കണക്കിനും ഫിസിക്‌സിനും 100 മാര്‍ക്ക് നേടിയ ഏക വിദ്യാര്‍ഥിനിയുമായിരുന്നു.

മൂത്ത സഹോദരന്‍ മണിരത്‌നം എം.ബി.എ. ബിരുദധാരിയാണ്. എംകോം പൂര്‍ത്തിയാക്കിയ രണ്ടാമത്തെയാള്‍ സതീഷ് ബാങ്ക് ജീവനക്കാരനാണ്. മറ്റു സഹോദരന്മാരായ പാണ്ഡ്യനും അരുണും എന്‍ജിനീയറിങ്ങിനു പഠിക്കുന്നു. അനിതയുടെ മരണത്തെ തുടര്‍ന്നു തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.