അണ്ടര്‍ 17 ലോകകപ്പ്: ഇന്ത്യയിലേക്കെത്തുന്ന അത്ഭുത ബാലന്റെ കളി മലയാളികള്‍ക്കും കാണാം, കാരണമിതാണ്

അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് ഇന്ത്യയില്‍ അരങ്ങൊരുങ്ങുമ്പോള്‍ ഭാവിയുടെ വാഗ്ദാനമായ ഒരുപാട് ഫുട്‌ബോള്‍ താരങ്ങളും ഇന്ത്യയിലെത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ക്കിടയിലെ സൂപ്പര്‍ താരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമാണുണ്ടാവുക. അത് ബ്രസീലിന്റെ ‘വണ്ടര്‍ ബോയ്’ എന്നറിയപ്പെടുന്ന വിനീഷ്യസ് ജൂനിയര്‍ ആണ്.

സ്‌കോറിങ് പാടവും ഡ്രിബ്ലിംഗ് മികവുമാണ് വിനീഷ്യസിനെ ലോക ഫുട്ബോളിന്റെ ഭാവി താരമെന്ന വിശേഷണം ചാര്‍ത്തി നല്‍കുന്നത്. വിനീഷ്യസിനെ വമ്പന്‍ തുകക്ക് റയല്‍ മാഡ്രിഡ് സ്വന്തമാക്കിക്കഴിഞ്ഞു എന്നുകൂടി അറിയുമ്പോഴേ ഈ താരത്തിന്റെ മികവ് എത്രത്തോളമാണെന്ന് മനസ്സിലാകു.ഇന്ത്യയിലെ ലോകകപ്പ് ആവേശത്തിന് എത്തുന്ന ഏറ്റവും വിലയേറിയ താരമാണ് പതിനേഴുകാരമായ വിനീഷ്യസ് ജൂനിയര്‍. ബ്രസീലിയന്‍ ക്ലബ് ഫ്‌ളെമെംഗോയുടെ താരമായ വിനീഷ്യസിനെ 45 ദശലക്ഷം യൂറോയ്ക്കാണ് യൂറോപ്യന്‍ ചാന്പ്യന്‍മാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്.

കഴിഞ്ഞ വര്‍ഷം മുതല്‍ അണ്ടര്‍ 17 ടീമില്‍ കളിക്കുന്ന വിനീഷ്യസ് 22 കളിയില്‍ 19 ഗോള്‍ നേടിക്കഴിഞ്ഞു.വിനീഷ്യസിന്റെ മികവില്‍ ഈ കൗമാര ലോകകപ്പില്‍ വാന്‍ കുതിപ്പിനൊരുങ്ങുകയാണ് ബ്രസീല്‍. മികച്ച താരങ്ങളെ അണിനിരത്തി എത്തുന്ന അവര്‍ കിരീടത്തില്‍ കുറഞ്ഞൊന്നും കൊണ്ട് തൃപ്തിപ്പെടുമെന്നു തോന്നുന്നില്ല.

ഏതായാലും മലയാളികള്‍ക്ക് കോളടിച്ച മട്ടാണ്. കാരണം ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ട ബ്രസീലിന്റെ മത്സരങ്ങള്‍ കൊച്ചിയിലാണ്. വിനീഷ്യസിന്റെ അത്ഭുത പ്രകടനങ്ങള്‍ കാണാന്‍ മലയാളികള്‍ക്ക് അവസരമുണ്ടെന്നു ചുരുക്കും.