ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വന്‍ തോതില്‍ കള്ള നോട്ട് കടത്തുന്നു; ഇതുവരെ പിടികൂടിയത് 32 ലക്ഷത്തിന്റെ വ്യാജ നോട്ടുകള്‍

ന്യൂഡല്‍ഹി: ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വന്‍ തോതില്‍ വ്യാജ നോട്ടുകള്‍ എത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. 2000-ന്റെ പുതിയ നോട്ടുകളാണ് ഇത്തരത്തില്‍ വ്യാപകമായി അതിര്‍ത്തി കടന്നെത്തുന്നത്. ബി.എസ്.എഫ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, അസം, മേഘാലയ, തുടങ്ങി രാജ്യത്തിന്റെ 13 അതിര്‍ത്തികള്‍ വഴിയാണ് വ്യാജ കറന്‍സികള്‍ ഇന്ത്യയിലേക്കെത്തിക്കുന്നത്.

നോട്ട് അസാധുവാക്കലിനു മുന്‍പ് 1000, 500 രൂപയുടെ വ്യാജ നോട്ടുകള്‍ പാക്കിസ്ഥാനില്‍ നിന്നാണ് ഇന്ത്യയിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ നോട്ടു നിരോധനത്തിന് ശേഷം 2000 നോട്ടുകള്‍ എത്തിയതോടെ പാക്കിസ്ഥാനില്‍ നിന്ന് വ്യാജ നോട്ടുകളുടെ എണ്ണം കുറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ആറുമാസത്തിനിടെ ബംഗ്ലാദേശില്‍ നിന്നെത്തിയ 32 ലക്ഷം രൂപയുടെ വ്യാജ നോട്ടുകളാണ് ബി.എസ്.എഫ് പിടിച്ചെടുത്തത്. ജനുവരിയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള 1 ലക്ഷം രൂപയുടെ വ്യാജ കറന്‍സിയാണ് ബി.എസ്.എഫ് പിടികൂടിയത്. ഇത് ഫെബ്രുവരിയില്‍ എത്തിയപ്പോള്‍ 2.96 ലക്ഷവും, മാര്‍ച്ചില്‍ 4.60 ലക്ഷവുമാകുകയും ചെയ്തു.