കണ്ണന്താനം ക്രിസ്ത്യാനികള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിച്ചാല്‍ എതിര്‍ക്കുമെന്ന മുന്നറിയിപ്പുമായി ശശികല ടീച്ചര്‍

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി മാത്രമാണെങ്കില്‍ എതിര്‍ക്കുമെന്ന മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി സംസ്ഥാനപ്രസിഡന്റ് കെ പി ശശികല. കണ്ണന്താനത്തെ പൂര്‍ണ്ണമായും പിന്തുണക്കാന്‍ സംസ്ഥാനത്തെ സംഘപരിവാര്‍ സംഘനടകള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കുന്നതാണ് ശശികലയുടെ പ്രതികരണം. മന്ത്രിസ്ഥാനം ലഭിച്ചയുടന്‍ കണ്ണന്താനം നടത്തിയ ചില പ്രസ്താവനകള്‍ ക്രിസ്ത്യന്‍ സമൂഹത്തിനു വേണ്ടിയുള്ളതായിരുന്നു. ഇതാണ് ഹൈന്ദവ സംഘടനകളെ ചൊടിപ്പിച്ചത്. നിലപാടുകളും നയങ്ങളും യോജിക്കുന്നതല്ലെങ്കില്‍ എതിര്‍ക്കുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഹിന്ദു ഐക്യവേദി നല്‍കുന്നത്.

മന്ത്രിയായ ശേഷം ആദ്യമായി നാട്ടിലെത്തിയ കണ്ണന്താനത്തിന് കേന്ദ്രനേതൃത്വത്തിന്റ നിര്‍ദ്ദേശപ്രകാരം നല്‍കിയ സ്വീകരണത്തിലും പല പ്രമുഖനേതാക്കളും വിട്ട് നിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദുഐക്യവേദിയുടെ മുന്നറിയിപ്പ്.കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ കേരളത്തിന്റെ പ്രതിനിധിയായി ആര്‍എസ്എസ് സംസ്ഥാനനേതൃത്വം നിര്‍ദ്ദേശിച്ചത് കുമ്മനം രാജശേഖരനെയായിരുന്നു. എന്നാല്‍ ഇത് അവഗണിച്ച് കൊണ്ടാണ് ബിജെപി കേന്ദ്രനേതൃത്വം ഇടതുപക്ഷത്ത് നിന്ന് പാര്‍ട്ടിയിലെത്തിയ അല്‍ഫോണ്‍സ് കണ്ണന്താനത്തെ മന്ത്രിയാക്കിയത്. ഇതിലുള്ള സംഘപരിവാറിന്റെ അതൃപ്തി മറനീക്കി പുറത്ത് വരുന്നതാണ് ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയുടെ പ്രസ്താവന.