ഭീഷണി വിലപ്പോയില്ല; ഉത്തരകൊറിയ ഉപരോധത്തിന് ഐക്യരാഷ്ട്ര സഭയുടെ പച്ചക്കൊടി

ജനീവ: മിസൈല്‍- ആണവ പരീക്ഷണങ്ങളിലൂടെ നിരന്തരം പ്രകോപനം സൃഷ്ട്ടിക്കുന്ന ഉത്തരകൊറിയയ്‌ക്കെതിരെ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്രസഭയുടെ പച്ചക്കൊടി. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയാണ് തിങ്കളാഴ്ച ഉത്തരകൊറിയയ്ക്ക് മേല്‍ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് അനുമതി നല്‍കിയത്. ഉത്തരകൊറിയ ആറാമത് അണുവായുധ പരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് ഉപരോധമേര്‍പ്പെടുത്താന്‍ അമേരിക്ക നടത്തിയ നിരന്തര ശ്രമങ്ങളുടെ വിജയം കൂടിയാണിത്. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ഉത്തരകൊറിയെ ഒറ്റപ്പെടുത്തണമെന്ന ആവശ്യമാണ് അമേരിക്ക മുന്നോട്ടുവച്ചത്.

എല്ലാത്തരം പ്രകൃതി വാതകങ്ങളുടെയും കണ്ടന്‍സേറ്റുകളുടേയും ഇറക്കുമതിയും വസ്ത്രങ്ങളുടെ കയറ്റുമതി എന്നിവയാണ് പുതിയ ഉപരോധത്തോടെ നിലയ്ക്കുക. ഇതിനെല്ലാം പുറമേ ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും ഉപരോധം വിലക്കുന്നുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഏഷ്യന്‍ രാഷ്ട്രമായ ഉത്തരകൊറിയയുടെ പ്രധാന വരുമാന മാര്‍ഗ്ഗങ്ങളില്‍പ്പെട്ടവയാണ് ഇവ രണ്ടും. എന്നാല്‍ ഉപരോധമേര്‍പ്പെടുത്താന്‍ ഐക്യരാഷ്ട്ര സഭയില്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ഉത്തരകൊറിയ നല്‍കിയത്. യു.എസ്സിന് കടുത്ത ദുരിതവും, വേദനയുമുണ്ടാകുമെന്നായിരുന്നു ഉത്തരകൊറിയയുടെ ഭീഷണി.

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക നടപടി സ്വീകരിക്കേണ്ടതില്ലെന്നും സമാധാനപരമായ ചര്‍ച്ചകള്‍ വഴി പ്രശ്‌നം പരിഹരിക്കാമെന്നുമാണ് യു.എസിന്റെ സഖ്യകക്ഷികളായ ജപ്പാനും ദക്ഷിണ കൊറിയയും മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം. യുദ്ധമോ സൈനിക നടപടിയോ വേണ്ടെന്ന നിലപാടാണ് റഷ്യയും ഉത്തരകൊറിയയുടെ സഖ്യകക്ഷിയായ ചൈനയും നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ഇരു രാജ്യങ്ങളും പിന്തുണയ്ക്കുന്നുണ്ട്.