അന്താരാഷ്ട്ര വിപണിയില്‍ കുറയുന്നു ; രാജ്യത്ത് റോക്കറ്റ് പോലെ കുതിയ്ക്കുന്നു ; പെട്രോള്‍ വില 80 ആയി

അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില എക്കലാത്തെയും താഴ്ന്ന നിലയില്‍ എത്തി എങ്കിലും രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില റോക്കറ്റ് പോലെ കുതിയ്ക്കുകയാണ്. 2014 ആഗസ്റ്റിനു ശേഷം ഇപ്പോള്‍ പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലാണുള്ളത്. രണ്ടുമാസം കൊണ്ട് 7 രൂപയാണ് ലിറ്ററിന് കൂടിയത്. മുംബൈയില്‍ പെട്രോള്‍ വില ഇതോടെ 79.48 രൂപയിലെത്തി നില്‍ക്കുകയാണ്. ചൊവ്വാഴ്ച പെട്രോള്‍ വിലയില്‍ 7-8 പൈസയുടെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ ആറുമണി മുതല്‍ ദില്ലിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 70.38 രൂപയാണ് ഈടാക്കുന്നത്. കൊല്‍ക്കത്ത (73.12 ), മുംബൈ (79.48), ചെന്നൈ ( 72.95) എന്നിങ്ങനെയാണ് ഇന്ത്യയിലെ പ്രധാനനഗരങ്ങളില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പുകളിലെ ഇന്ധനവില.

ഒരു ലിറ്റര്‍ ഡീസലിന് 61.37 രൂപയാണ് വില. കേരളത്തില്‍ താരതമ്യേന എറണാകുളത്ത് പെട്രോള്‍ വില കുറവായിരിക്കുമെങ്കിലും 73.21 രൂപയാണ് ഇപ്പോള്‍ ഇവിടെ ലിറ്ററിനുള്ളത്. ബാക്കിയുള്ള പ്രദേശങ്ങളില്‍ ഇതിലും കൂടിയ നിരക്കാണ് നിലവില്‍ ഉള്ളത്. പെട്രോള്‍ ഉല്‍പ്പന്നങ്ങളെ ചരക്കു സേവന നികുതിയില്‍ ഉള്‍പ്പെടുത്താത്തതിനാല്‍ ഓരോ സ്ഥലത്തും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. 2017 ജൂണ്‍ മുതലാണ് മാസത്തില്‍ രണ്ട് തവണ വില പരിഷ്‌കരിക്കുന്ന രീതിയില്‍ മാറ്റം വരുത്തി അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രതിദിനം വില പരിഷ്‌കരിക്കാന്‍ ആരംഭിച്ചത്. വില പരിഷ്‌കരണം ആരംഭിച്ച് ആദ്യ മാസത്തില്‍ പെട്രോള്‍- ഡീസല്‍ വില കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് വില ഉയരുന്ന പ്രവണതയാണ് പ്രകടമായത്.

 

2014 ലാണ് പെട്രോള്‍ വില റെക്കോഡിലെത്തിയത്. അന്തരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് 114.44 ഡോളര്‍ ആയിരുന്നപ്പോള്‍ ഇന്ത്യയില്‍ 78.41 ആയിരുന്നു അന്നത്തെ കൂടിയ നിരക്ക്. എന്നാല്‍ ഇന്ന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് വെറും 53.69 രൂപ മാത്രമാണുള്ളത്. എന്നിട്ടും ദിവസംതോറും എണ്ണ കമ്പനികള്‍ ഇന്ത്യയില്‍ വില ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ പൊതുമേഖലാ പെട്രോള്‍ കമ്പനികള്‍ മാത്രം നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്ന സംവിധാനം പിന്നീട് സ്വകാര്യമേഖലാ പെട്രോളിയം കമ്പനികളായ റിലയന്‍സ്, ഷെല്‍ ഇന്ത്യ തുടങ്ങിയ കമ്പനികളും ജൂണ്‍ 16 മുതല്‍ നടപ്പില്‍ വരുത്തും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പ് ലിമിറ്റഡ് എന്നിവയുടെ ഉടമസ്ഥതയിലുള്ളതാണ് രാജ്യത്തെ 95 ശതമാനം പെട്രോള്‍ പമ്പുകളും.