പ്ലാനോയിലെ വീട്ടിനുള്ളില്‍ വെടിവയ്പ്: അക്രമി ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടു

പി. പി. ചെറിയാന്‍

പ്ലാനൊ (ഡാലസ്): ഞായറാഴ്ച രാത്രി 8 മണിക്ക് ഡാലസ് പ്ലാനോയിലെ ഒരു വീട്ടില്‍ നടന്ന വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ എട്ടു പേര്‍ കൊല്ലപ്പെട്ടു. ആയുധ ധാരിയായി കാണപ്പെട്ട വ്യക്തിക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പിലാണ് അക്രമി കൊല്ലപ്പെട്ടത്.

വെസ്റ്റ് സ്പിറിംഗ് ക്രിക്ക് പാര്‍ക്ക് വെ 1700 ബ്ലോക്കിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്ലാനൊ പൊലീസ് ഡേവിഡ് ടില്ലി പറഞ്ഞു. വീടിനകത്ത് ഗുരുതരമായി പരുക്കേറ്റു കിടക്കുന്ന രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റിയതായും ഡേവിഡ് പറഞ്ഞു. മരിച്ചവരെല്ലാവരും പ്രായപൂര്‍ത്തിയായവരാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഡാലസ് കൗബോയ്സ് കളി കാണുന്നതിനിടയിലാണ് വെടിവയ്പുണ്ടാണ്ടായതെന്ന് സമീപ വാസികള്‍ പറഞ്ഞു. വെടിവെയ്പു നടത്തിയ വ്യക്തിയും മരിച്ചവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചോ വെടിവയ്പിനുണ്ടായ സാഹചര്യമോ എന്താണെന്ന് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായും വീടും പരിസരവും പൊലീസ് വളഞ്ഞിരിക്കുന്നതായും ദൃക്സാക്ഷികള്‍ പറഞ്ഞു.