ലോകകപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ ഓര്‍ക്കുക; ബഫണ്‍ മുതല്‍ നെയ്മര്‍ വരെ അണ്ടര്‍-17 ലോകകപ്പില്‍ ജന്മമെടുത്തവരായിരുന്നു

സൂറിച്ച്: ഇന്ത്യ ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കുക… രാജ്യത്തെ ഓരോ ഫുട്ബോള്‍ പ്രേമിയും ദീര്‍ഘനാളായി മനസ്സില്‍ കൊണ്ട് നടന്ന സ്വപ്നമായിരുന്നു ഇന്ത്യയുടെ ലോകകപ്പ് പ്രവേശനം. എന്നാല്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ പ്രകടനങ്ങള്‍ കണ്ടവര്‍ മനസ്സിലാക്കിയ ഒരു കാര്യം, സമീപകാലത്തൊന്നും ഇന്ത്യക്കു അതിനു കഴിയില്ല എന്നുതന്നെയായിരുന്നു. പക്ഷെ ഇന്ത്യന്‍ ഫുടബോള്‍ പ്രേമികളുടെ മനസ്സറിഞ്ഞപോലെ വളരെ പെട്ടന്നായിരുന്നു ഫിഫ ആ തീരുമാനമെടുത്തത്. ഫിഫ അണ്ടര്‍ 17- ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടത്തുക. തെല്ലൊരത്ഭുതത്തോടെയായിരുന്നു ഈ വാര്‍ത്ത ഇന്ത്യന്‍ കായിക പ്രേമികള്‍ കണ്ടത്. ലോകകപ്പില്‍ കളിക്കുക എന്നതിനുപരി,ലോകകപ്പ് ഇന്ത്യയില്‍ വച്ച് നടത്താന്‍ പോകുന്നു. പിന്നെ ടീമൊരുക്കങ്ങള്‍,മൈതാന നവീകരണം അങ്ങനെ മത്സരങ്ങള്‍ പടിവാതിലിലെത്തി നില്‍ക്കെ ഇന്ത്യന്‍ കൗമാരം ലോക കപ്പില്‍ ബൂട്ട് കെട്ടുന്നത് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യത്തെ ഓരോ ഫുടബോള്‍ പ്രേമിയും.

ഇന്ത്യയുടെ ലോകകപ്പ് സാന്നിധ്യമല്ലാതെ അണ്ടര്‍-17 ലോകകപ്പിന് മറ്റൊരു സവിശേഷത കൂടിയുണ്ട്.ലോക ഫുട്‌ബോളിന് നാളെയുടെ താരങ്ങളെ സംഭാവന ചെയ്യുന്ന പോരാട്ടവേദിയാണ് അണ്ടര്‍ 17 ലോകകപ്പ്. ക്ലബ് തലത്തിലായാലും, രാജ്യാന്തര തലത്തിലായാലും ഇന്നത്തെ മിക്ക സൂപ്പര്‍ താരങ്ങളുടെയും പിറവി ലോകകപ്പിലൂടെ ആയിരുന്നു. അണ്ടര്‍ 17 ലോകകപ്പുകള്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് നല്‍കിയത് ഒരിക്കലും മറക്കാനാവാത്ത താരങ്ങളെയാണ്.

കസീയസ്, നെയ്മര്‍, ടെവസ്, ടോട്ടി, റൊണാള്‍ഡീഞ്ഞോ, ടോറസ്, ഫാബ്രിഗാസ്, ബഫണ്‍, സാവി. അങ്ങനെ എത്രയെത്ര അറ്റമില്ലാതെ നീളുന്നു വമ്പന്‍ പേരുകള്‍.
ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ മികവുറ്റവരായ ബഫണും ടോട്ടിയും ഉയര്‍ന്നുവന്നത് 1993ലെ അണ്ടര്‍ 17 ലോകകപ്പില്‍. സ്പെയിനില്‍ നിന്നും കീസയസ്, സാവി, എന്നിവരും ബ്രസീലിന്റെ റൊണാള്‍ഡീഞ്ഞോയും വരവറിയിച്ചത് 1997ല്‍. 2007ല്‍ പ്രതിഭ തെളിയിച്ച ഫാബ്രിഗാസ്, ടോറസ് , ടോണി ക്രൂസ് തുടങ്ങിയവര്‍ ഇന്നും ലോകത്തെ വിസ്മയിപ്പിച്ചുകോനേടിയിരിക്കുന്നു. തീര്‍ന്നില്ല. 2009 ലോകകപ്പിന്റെ കണ്ടെത്തലായിരുന്നു ഇന്നത്തെ ഏറ്റവും വിലയേറിയ ഫുട്ബോള്‍ താരമായ നെയ്മര്‍. അങ്ങനെ നീളുന്നു അണ്ടര്‍-17 വേള്‍ഡ് കാപ്പിലൂടെ ജയിച്ചവരുടെ പേരുകള്‍.

ഇവരുടെ പിന്‍മുറക്കാരാവാന്‍ ഈ ലോകകപ്പിലും ഇന്ത്യയിലേക്കെത്തുന്ന ചിലരുണ്ട്. ഈ ലോകകപ്പില്‍ ഫുടബോളിന്റെ ഭാവിയാകാന്‍ എത്തുന്ന താരങ്ങളെ കാത്തിരിക്കുകയാണ് ഫുട്ബോള്‍ ലോകം.