ബലാത്സംഘം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്

മുംബൈയില്‍ ബി.ജെ.പി. നേതാവിനെതിരെ ബലാല്‍സംഗ കേസ്. കല്യാണ്‍ ഡോംബിവലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ ബി.ജെ.പി നേതാവ് ദയാ ഗെയ്ക്ക്‌വാദിനെതിരെയാണ് ബലാല്‍സംഗ ആരോപണം.വിവാഹ വാഗ്ദാനം നല്‍കി വശീകരിച്ച് വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ബലാല്‍സംഗം ചെയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

കോര്‍പ്പറേഷന്റെ വിദ്യാഭ്യാസ വിഭാഗം മുന്‍ ചെയര്‍മാന്‍ കൂടിയായ ദയാ ഗെയ്ക്ക്‌വാദ് പ്രണയം നടിച്ച് അടുത്തുകൂടിയെന്നും, എന്‍.സി.പി പ്രാദേശികനേതാവായ അശ്വനീ ദമാലിന്റെ വീട്ടില്‍ കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുകയും അശ്വനിയെയും ഭര്‍ത്താവ് മനോജിനെയും കൊണ്ട് ദൃശ്യങ്ങള്‍ പകര്‍ത്തിച്ചെന്നുമാണ് യുവതി പറയുന്നത്.യുവതിയുടെ പരാതിയില്‍ ദയാ ഗെയ്ക്ക്‌വാദിനെതിരെ വാര്‍തക് നഗര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.