അവളുടെ വാക്കുകള്‍ കരച്ചിലോടെയാണ് കേട്ടത്; ഗുര്‍മീതിന്റെ ലൈംഗികാതിക്രമണത്തിനു ഇരയായവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുമെന്ന വെളിപ്പെടുത്തലുമായി ദേര സച്ഛ മുന്‍ അന്തേവാസി

ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം ബലാല്‍സംഗം ചെയ്തവരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഉണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ദേരാ സച്ചാ സൗദയിലെ മുന്‍ അന്തേവാസി ഗുര്‍ദാസ് സിങ് തോറാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്. ഗുര്‍മീത് റാം റഹീം ലൈംഗീകമായി പീഡിപ്പിച്ച ഒരു പെണ്‍കുട്ടിയുമായി വാട്‌സ്ആപ്പ് ചാറ്റിലൂടെ സംസാരിക്കവെയാണ് താന്‍ ഇക്കാര്യം അറിയുന്നതിന് ഗുര് ദാസ് സിങ് പറയുന്നു.

എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെയാണ് പ്രധാനമായും ഗുര്‍മീത് ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയിരുന്നത്. ഹരിയാനയിലെ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വര്‍ഷങ്ങള്‍ക്ക് ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുകയുണ്ടായി.അവളുടെ വാക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പലപ്പോഴും തന്റെ കണ്ണുനിറയിച്ചെന്നും ഗുര്‍ദാസ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. പീഡനത്തിന് ശേഷം രക്തത്തില്‍ക്കുളിച്ച നിലയില്‍ സഹപാഠിയാണ് പെണ്‍കുട്ടിയെ കണ്ടടുത്തിയത്. പീഡനത്തെക്കുറിച്ച് പെണ്‍കുട്ടി തുറന്നു പറഞ്ഞു. ദേരാ സച്ചാ സൗദയില്‍ എങ്ങനെയാണ് പെണ്‍കുട്ടി എത്തിപ്പെട്ടതെന്ന് മാതാപിതാക്കള്‍ക്ക് പോലും അറിയില്ലെന്നതാണ് വാസ്തവമെന്നും ഗുര്‍ദാസ് വ്യക്തമാക്കി.

ഇത്തരത്തില്‍ ഗുര്‍മീതിന്റെ പീഡനത്തെ അതിജീവിച്ച പത്തോളം പെണ്‍കുട്ടികള്‍ താനുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഗുര്‍ദാസ് പറയുന്നു. ഗുര്‍മീതിനെതിരായ കോടതി വിധി അയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. ഭര്‍ത്താവിനേയും മറ്റും പേടിച്ചാണ് അവര്‍ തങ്ങള്‍ നേരിട്ട അനുഭവം തുറന്നു പറയാത്തതെന്നും ഗുര്‍ദാസ് പറഞ്ഞു. ദേരാ സച്ചാ സൗദയില്‍ നിന്നും വിട്ടതിന് ശേഷം പീഡനത്തിനരായ പെണ്‍കുട്ടികള്‍ക്ക് സഹായവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഗുര്‍ദാസ്.