മുഖം നോക്കി നിങ്ങളെ സഹായിക്കും ഐഫോണ്‍; അവതരിപ്പിച്ചത് പത്താം വാര്‍ഷികത്തില്‍, പ്രത്യകതകള്‍ നിരവധി

തരംഗം സൃഷ്ടിക്കാന്‍ ഐഫോണ്‍ വീണ്ടും. കാലിഫോര്‍ണിയയില്‍ ആപ്പിള്‍ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് ഉപയോക്താവിന്റെ മുഖം നോക്കി ലോക്കു തുറക്കുന്ന ഐഫോണ്‍ X, ഐഫോണ്‍8, ഐഫോണ്‍ 8പ്ലസ് എന്നിവക്ക് പുറമേ ആപ്പിള്‍ വാച്ചിന്റെയും ആപ്പിള്‍ ടിവിയുടേയും പുതിയ പതിപ്പുകളും പുറത്തിറക്കിയത്.

ആദ്യ ഐഫോണ്‍ അവതരിച്ചതിന്റെ പത്താം വര്‍ഷത്തിലാണ് വിപ്ലവകരമായ മാറ്റങ്ങളുമായി ഐഫോണ്‍x പുറത്തിറങ്ങുന്നത്. കാലിഫോര്‍ണിയയിലെ ആപ്പിള്‍ ആസ്ഥാനത്തെ സ്റ്റീവ് ജോബ്‌സ് തിയ്യറ്ററില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ. ടിം കുക്കിന്റെ നേതൃത്വത്തിലായിരുന്നു പുതിയ പതിപ്പുകള്‍ അവതരിപ്പിച്ചത്.

ഐഫോണ്‍ 8 നിലവിലുള്ള ഐഫോണുകളുടെ തുടര്‍ച്ചയാണെങ്കിലും പ്രകടമായ മാറ്റങ്ങളുള്ള മോഡലാണ് ഐഫോണ്‍ ടെന്‍ ( iPhone X ). ഹോം ബട്ടണില്ലാത്ത ഐഫോണ്‍ പതിപ്പുകൂടിയാണ് ഐഫോണ്‍ X. പകരം മുന്‍ഭാഗത്ത് നിറഞ്ഞിരിക്കുന്ന സ്‌ക്രീനില്‍ സൈ്വപ്പ് ചെയ്ത് ഹോം സ്‌ക്രീനിലെത്താം.

ഐഫോണ്‍ ടെന്‍ തുറക്കാന്‍ പുതിയ ഫെയ്‌സ് ഡിറ്റക്ഷന്‍ സംവിധാനമാണ് ആപ്പിള്‍ ഒരുക്കി വെച്ചിരിക്കുന്നത്. രാത്രിയില്‍ പോലും ഉപയോക്താവിന്റെ മുഖം തിരിച്ചറിഞ്ഞ് തനിയെ ലോക്ക് തുറക്കുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.

ഐഫോണ്‍x ന്റെ സ്‌ക്രീന്‍ പുതിയ 5.8 ഇഞ്ച് സൂപ്പര്‍ റെറ്റിന ഡിസ്‌പ്ലേയാണ്. 1125X2436 റെസല്യൂഷന്‍. ഓപ്പറേറ്റിങ് സിസ്റ്റം ഐഒഎസ് 11.
7 മെഗാപിക്‌സല്‍ മുന്‍ക്യാമറയുണ്ട്. 12 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് ഐഫോണ്‍ പത്തിന്.

ഐഫോണ്‍ x നവംബര്‍ മുതല്‍ ഇന്ത്യയില്‍ ലഭ്യമാകും. 64 ജിബി പതിപ്പിന് ഏതാണ്ട് 89,000 രൂപ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.