ഉലക നായകന്‍ രാഷ്ട്രീയ നായകനാകാനൊരുങ്ങുന്നു; കമല്‍ ഹാസ്സന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍

ചെന്നൈ: ഏറെ അനിശ്ചിതത്വങ്ങളിലൂടെ നീങ്ങുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പുതിയ പാര്‍ട്ടിയുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം കമല്‍ഹാസന്‍ എത്തുന്നു. പുതിയ രാഷ്ട്രീയപാര്‍ട്ടിയുടെ രൂപീകരണ ശ്രമത്തിലാണ് കമല്‍ഹാസനെന്നും, മാസം അവസാനത്തോടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും,  കമല്‍ഹാസനോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ ദേശീയദിനപത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തമിഴ്‌നാട്ടില്‍ അടുത്തുനടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി ലക്ഷ്യമിട്ടുകൊണ്ട്, വിജയദശമി ദിനം, ഗാന്ധിജയന്തി ദിനം എന്നിവയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് പരിഗണിക്കുന്നതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ 4000 ഓളം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിക്കാനാണ് കമല്‍ ഹാസന്റെ ആലോചന.

ഈ മാസം 15 ന് ചെന്നൈയിലും, 16 ന് കോഴിക്കോടും കമല്‍ഹാസന്‍ സംബന്ധിക്കുന്ന പരിപാടികള്‍, രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന്റെ സൂചനയാണ് നല്‍കുന്നതെന്ന് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. വര്‍ഘീയ ഫാസിസത്തിനെതിരെ, മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സി.പി.ഐ.എം നേതാക്കള്‍ പങ്കെടുക്കുന്ന പരിപാടിയിലാണ് കമല്‍ഹാസന്‍ സംബന്ധിക്കുന്നത്.

നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കമല്‍ ഹാസന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് ഇടത് പക്ഷത്തിനൊപ്പം ചേര്‍ന്നുള്ള രാഷ്ട്രീയ പ്രേവേശനമാണ് കമല്‍ ഹാസന്‍ ലക്ഷ്യമിടുന്നത് എന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. ശശികല-പളനിസാമി-പനീര്‍ശെല്‍വം വിഭഗങ്ങള്‍ തമ്മിലുള്ള എ.ഐ.എ.ഡി.എം.കെയിലെ അധികാര വടംവലിയെ നിശിതമായി വിമര്‍ശിച്ച് കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു. പളനിസാമി-പനീര്‍ശെല്‍വം ലയനത്തെയും താരം പരിഹസിച്ചിരുന്നു.