കാരായി രാജന്റെ ജാമ്യം റദ്ദുചെയ്യണമെന്ന് സിബിഐ; കോടതി നിര്‍ദ്ദേശം ലംഘിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചുവെന്നും കണ്ടെത്തല്‍

തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍, വ്യവസ്‌കള്‍ ലംഘിച്ചു പങ്കെടുത്ത കാരായി രാജന്റെ ജാമ്യം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ. കോടതിയില്‍. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയായ കാരായി രാജന്‍, കോടതി നല്‍കിയ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണു സി.ബി.ഐ. ആരോപണം. കണ്ണൂരില്‍ പ്രവേശിക്കുന്നതിന് കാരായി രാജന് കോടതി വിലക്കുണ്ട്.

എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത സര്‍ക്കാര്‍ പരിപാടിയിലാണ് കാരായി രാജന്‍ സജീവമായി പങ്കെടുത്തത്. അവാര്‍ഡ് ദാനം കാണുന്നതിനു മുന്‍നിരയില്‍തന്നെ ഇരിപ്പിടവും നല്‍കി. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കു നല്‍കുന്ന ടാഗും അദ്ദേഹം ധരിച്ചിരുന്നു. സംഭവം വിവാദമായപ്പോള്‍, കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നായിരുന്നു കാരായി രാജന്‍ നല്‍കിയ പ്രതികരണം.

2006 ഒക്ടോബറിലാണ് എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂണിലാണ് എറണാകുളം വിട്ട് തിരുവനന്തപുരത്തേക്കു പോകാന്‍ സി.ബി.ഐ. കോടതി കാരായി രാജന് അനുമതി നല്‍കിയത്.