ഇതെന്താ സിനിമ കഥയാണോ എന്ന് കോടതി; ഇല്ല സാര്‍ രണ്ടാഴ്ച കൊണ്ട് തീര്‍ത്തേക്കാമെന്ന് ഡിജിപി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന അന്വേഷണം സിനിമാക്കഥ പോലെയാണോ എന്ന് ഹൈക്കോടതി. സിനിമാ താരം നാദിര്‍ഷാ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെയാണ് കോടതി പ്രോസിക്ക്യൂഷനോട് സംശയം പ്രകടിപ്പിച്ചത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണം നീണ്ടു പോവുകയാണെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. കേസില്‍ ഒരോരുത്തരേയും ചോദ്യം ചെയ്തു കൊണ്ടിരിക്കുകയണോ എന്നും ചോദിച്ച കോടതി, നാദിര്‍ഷായെ 18 വരെ അറസ്റ്റ് ചെയ്യരുതെന്നും നിര്‍ദ്ദേശിച്ചു.  അതേ സമയം രണ്ടാഴ്ച്ച കൊണ്ട് പൂര്‍ത്തിയാക്കാമെന്ന് ഡിജിപി മറുപടി നല്‍കി

വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി കൂടുതല്‍ അന്വഷണം വേണ്ടെന്നു കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചു. മറ്റെന്നാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നും നാദിര്‍ഷായോട് കോടതി ആവശ്യപ്പെട്ടു.

കേസിലെ അന്വേഷണം തിരക്കഥയാണോയെന്നും കേസ് അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാണോ ഉദ്ദേശമെന്നും ഹൈക്കോടതി പ്രാസിക്യൂഷനോട് ചോദിച്ചു.

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യുകയാണോയെന്ന് ആരാഞ്ഞ കോടതി നാദിര്‍ഷ കേസില്‍ പ്രതിയല്ലെങ്കില്‍ പിന്നെയെന്തിനാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതെന്നും ചോദിച്ചു.

കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ പോലീസ് ചോദ്യം ചെയ്യുന്നതായുള്ളവാര്‍ത്തകളിലും ഹൈക്കോടതി ഇന്ന് വിശദീകരണം ആരാഞ്ഞു.

കേസ് അന്വേഷണം എന്ന് തീരുമെന്ന ചോദിച്ച കോടതി ആരെയെങ്കിലും തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണോ കുറ്റപത്രം സമര്‍പ്പിച്ച കേസിലെ പ്രതിയായ പള്‍സര്‍സുനിയെ ചോദ്യം ചെയ്യുന്നതെന്നുള്ള സംശയം പ്രകടിപ്പിച്ചു.

മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള പോലീസ് അന്വേഷണത്തെ വിമര്‍ശിച്ച ഹൈക്കോടതി ബുദ്ധി ഉപയോഗിച്ച് വേണം കേസ് തെളിയിക്കാനെന്നും ഇന്ന് പറഞ്ഞിട്ടുണ്ട്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് ഒരുപാട് കഥകള്‍ പുറത്തു വരുന്നുണ്ടെന്ന് ഹര്‍ജിയിന്‍ മേലുള്ള വാദത്തിനിടെ നാദിര്‍ഷയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ഈ പ്രകാരം വാര്‍ത്തകള്‍ പ്രചരിക്കുകയാണെങ്കില്‍ അത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കേണ്ടി വരുമെന്നായിരുന്നു ഇതിനോടുള്ള ഹൈക്കോടതിയുടെ പ്രതികരണം.

മനോധര്‍മ്മം അനുസരിച്ചല്ല പോലീസ് കേസ് എടുക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥന് തോന്നുന്നതു പോലെ പ്രവര്‍ത്തിക്കരുത്, അനാവശ്യമായി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യരുത്, ആവശ്യമില്ലാതെ കേസുകള്‍ എടുത്താല്‍ അതിനെതിരെ കടുത്ത നടപടി ഉണ്ടാവുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ഓരോ കേസുകളിലും വകുപ്പുകള്‍ ചുമത്തുമ്പോള്‍ അതിന് ആവശ്യമായ തെളിവുകളും സാഹചര്യങ്ങളും ഉണ്ടാവണമെന്നും കോടതി നിര്‍ദ്ദേശിച്ചു.