വേങ്ങര തെരെഞ്ഞെടുപ്പിന് മമ്പ് പുതിയ കെപിസിസി പ്രസിഡന്റ്; ഗ്രൂപ്പുകളില്‍ ഇക്കാര്യത്തില്‍ ധാരണ

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെ.പി.സി.സി പ്രസിഡന്റ് എത്തിയേക്കുമെന്ന് സൂചന. കെ.പി.സി.സി. സംഘടനാ തിരഞ്ഞെടുപ്പ് സമവായത്തില്‍ നടത്താന്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണ.

ഇന്നലെ രാത്രി ചേര്‍ന്ന ഗ്രൂപ്പ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ സമവായമായത്. ഇന്നു ചേരുന്ന കെ.പി.സി.സി. രാഷ്ട്രീയ കാര്യസമിതിയും നാളത്തെ യു.ഡി.എഫ്. നേതൃയോഗവുംമുന്നില്‍ കണ്ടാണ് എ, ഐ ഗ്രൂപ്പ് പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്.

സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തും. ഈ മാസം 20ന് മുമ്പ് ബ്ലോക്കുകളില്‍ നിന്നുള്ള കെ.പി.സി.സി. ഭാരവാഹികള്‍ തീരുമാനിക്കുകയും ഒക്ടോബര്‍ ആദ്യ വാരത്തില്‍ തന്നെ കെ.പി.സി.സി. പ്രസിഡന്റടക്കമുള്ളവരേയും തിരഞ്ഞെടുക്കാനാണ് ധാരണ. അതേ സമയം ഇക്കാര്യത്തില്‍ വീണ്ടും തര്‍ക്കം വരികയാണെങ്കില്‍ സംഘടനാ തിരഞ്ഞെടുപ്പ് നീണ്ടേക്കും.