ഓണം ബംബര്‍ ഒന്നാം സമ്മാനം സംസ്ഥാന സര്‍ക്കാരിന് തന്നെ; 10 കോടിയും കാത്ത് മലയാളികള്‍ നെട്ടോട്ടത്തില്‍

തിരുവനന്തപുരം: ഓണം ബമ്പര്‍ നറുക്കെടുപ്പിനു മുമ്പ് തന്നെ ഒന്നാം സമ്മാനം കേരള സര്‍ക്കാര്‍ സ്വന്തമാക്കി. ഇത്തവണ 10 കോടിയാണ് ഓണം ബമ്പര്‍ നറുക്കെടുപ്പില്‍ വിജയിയാകുന്ന ഒന്നാം സ്ഥാനക്കാരന് ലഭിക്കുന്ന തുക.

എന്നാല്‍ ഇതിലും ഒരുപാട് വലിയ തുകയാണ് ഇതിനോടകം തന്നെ ടിക്കറ്റ് വിറ്റ ഇനത്തില്‍ സര്‍ക്കാരിന് ലഭിച്ചത്. 108 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് തിങ്കളാഴ്ച വരെ ലഭിച്ച തുക.

സമ്മാനത്തുക കൂട്ടിയത് പോലെ തന്നെ ടിക്കറ്റിന്റെ വിലയിലും കാര്യമായ വര്‍ദ്ധന ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ വില്‍പ്പനയെ യാതൊരു വിധത്തിലും ബാധിച്ചിരുന്നില്ല. 250 രൂപ വില ആയിട്ടുകൂടെ ടിക്കറ്റ് വാങ്ങുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൊത്തം 48 ലക്ഷം ഓണം ബമ്പര്‍ ടിക്കറ്റുകളാണ് വില്‍പ്പനക്ക് വെച്ചിരുന്നത്. എന്നാല്‍ ഇവ തീരാനായതോടെ 12 ലക്ഷം ടിക്കറ്റുകള്‍ കൂടെ അച്ചടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. 90 ലക്ഷം വരെ ടിക്കറ്റുകള്‍ അച്ചടിക്കാനുള്ള അനുമതിയാണുള്ളത്. അതേസമയം 70 ലക്ഷം ടിക്കറ്റുകളെങ്കിലും വിറ്റഴിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

61.81 കോടി രൂപയാണ് മൊത്തം സമ്മാനത്തുക. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനത്തിന് 8 കോടി ഉള്ളത് ഈ വര്‍ഷം പത്തു കോടി ആയപ്പോള്‍ ടിക്കറ്റ് വില 200ല്‍ നിന്നും 250 ആക്കി ഉയര്‍ത്തിയിരുന്നു. 20-9ന് ആണ് ലോട്ടറിയുടെ നറുക്കെടുപ്പ്. ഇനി അവശേഷിക്കുന്ന ആഴ്ച്ചയിലും വില്‍പ്പന പൊടിപൊടിച്ചേയ്ക്കും