പെട്രോള്‍ വില കുറയും കേന്ദ്രം ഇടപെടുന്നു; വില പിടിച്ചു നിര്‍ത്താനായി ജിഎസ്ടി പരിധിയില്‍ കൊണ്ടു വരാന്‍ ആലോചന..

ദിനം പ്രതി മാറ്റം വന്നു കൊണ്ടിരിക്കുന്ന ഇന്ധനവില വരും ദിവസങ്ങളില്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരാനാണു കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ഇതു വിലയില്‍ വ്യത്യാസം കൊണ്ടുവരും. ക്രൂഡോയില്‍ വില ഉയര്‍ന്നതാണു പെട്രോള്‍ വില കൂടാന്‍ കാരണം. വരും ദിവസങ്ങളില്‍ ക്രൂഡോയില്‍ വില കുറയുമെന്നാണു നിഗമനം. ദിവസേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇര്‍മ ചുഴലിക്കാറ്റും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു. ടെക്‌സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തില്‍ 13% കുറവുവരുത്തി. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.