വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ ഹാജരെടുക്കുമ്പോള്‍ ‘ജയ്ഹിന്ദ്’ പറയണമെന്ന് മന്ത്രി; കുട്ടികളില്‍ രാജ്യ സ്നേഹം വളര്‍ത്താനെന്ന് വിശദീകരണം

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഹാജര്‍ എടുക്കുന്ന സമയത്ത് ഇനി മുതല്‍ ‘ജയ്ഹിന്ദ്’ പറയണമെന്ന നിര്‍ദ്ദേശവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. ഒക്ടോബര്‍ ഒന്നു മുതല്‍ മധ്യപ്രദേശിലെ സത്ന ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഈ രീതി നടപ്പിലാക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായുടെ നിര്‍ദ്ദേശം.

ഇവിടെ ഇത് വിജയകരമായി നടപ്പിലാക്കാനായാല്‍ സംസ്ഥാനമൊട്ടാകെ ഈ രീതി വ്യാപിപ്പിക്കാനാണ് തീരുമാനം. നിലവില്‍ ഈ നിര്‍ദേശം സ്വകാര്യ സ്‌കൂളുകള്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. ഇതിലൂടെ കുട്ടികളിലെ രാജ്യസ്നേഹം വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും, അതിനാല്‍ എല്ലാവരും അത് അനുസരിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരുടെയും, പ്രിന്‍സിപ്പല്‍മാരുടെയും, ജന ശിക്ഷകരുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ജയ്ഹിന്ദ് പറയണമെന്ന നിര്‍ദേശം മന്ത്രി മുന്നോട്ടുവെച്ചത്.