മോചന ദ്രവ്യം നല്‍കിയല്ല ഫാ. ടോമിനെ മോചിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വികെ സിങ്, അദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ടുമില്ല

തിരുവനന്തപുരം: ഭീകരരുടെ പിടിയിലകപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. വിദേശകാര്യ സഹമന്ത്രി വി.കെ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. മസ്‌കറ്റില്‍ നിന്നും വത്തിക്കാനിലേക്ക് പോയ ടോം ഉഴുന്നാലില്‍ നാട്ടിലേക്ക് മടങ്ങുന്ന കാര്യം അദ്ദേഹം തന്നെയാണ് തീരുമാനിക്കുക.

മോചിപ്പിക്കപ്പെട്ട ശേഷം അദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ടിട്ടില്ല. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നും ടോം ഉഴുന്നാലില്‍ എപ്പോള്‍ നാട്ടിലേക്ക് തിരിച്ചെത്തുമെന്നതിനെക്കുറിച്ച് അറിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോലാഹലങ്ങളില്ലാതെ നിശബ്ദമായിട്ടാണ് ടോം ഉഴുന്നാലിന്റെ മോചനത്തിനായി ഇന്ത്യ ശ്രമിച്ചത്.

2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ഇന്നലെ മോചിപ്പിച്ചത്. മോചനദ്രവ്യമായി ഒരു കോടി ഡോളര്‍ നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തന്റെ മോചനത്തിനായി ഇന്ത്യ യാതൊന്നും ചെയ്തിട്ടില്ലെന്ന് തടങ്കലില്‍ ആയിരിക്കെ പുറത്തുവന്ന വീഡിയോയില്‍ ഉഴുന്നാലില്‍ പറയുന്നുണ്ട്.

അതേ സമയം ഫാ. ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ മികച്ച ഇടപെടലാണു നടത്തിയതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വത്തിക്കാന്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മുന്‍കൈ എടുത്തതെന്ന ആദ്യ പ്രസ്താവന ഒമാന്‍ പിന്നീട് തിരുത്തിയെന്നും കണ്ണന്താനം വ്യക്തമാക്കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ നല്‍കേണ്ടത്. ഇന്ത്യ സുരക്ഷിതമല്ല എന്ന പ്രതീതി മറ്റു രാജ്യങ്ങള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത് ടൂറിസം മേഖലയെ ദോഷകരമായി ബാധിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതു സംസ്ഥാനങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചുമതലയാണെന്നും കണ്ണന്താനം പത്രസമ്മേലനത്തില്‍ പറഞ്ഞു.