ജപ്പാനെ ‘കടലില്‍ മുക്കും’ യുഎസിനെ ‘ചാരമാക്കും; ഭീഷണിയുടെ സ്വരത്തില്‍ ഉത്തര കൊറിയ

യു.എന്‍. രക്ഷാസമിതിയുടെ ഉപരോധത്തിനു പിന്നാലെ ഭീഷണിയുടെ സ്വരത്തില്‍ മുന്നറിയിപ്പുമായി ഉത്തര കൊറിയ. ആണവായുധങ്ങള്‍ ഉപയോഗിച്ചു ജപ്പാനെ ‘കടലില്‍ മുക്കു’മെന്നും യു.എസിനെ ‘ചാരമാക്കുമെന്നുമാണ് ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയയുടെ വാര്‍ത്ത ഏജന്‍സി കെ.സി.എന്‍.എ. പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

‘ആപത്കാലത്തിന്റെ ഉപകരണം’ എന്നായിരുന്നു വിദേശബന്ധങ്ങളുടെ ചുമതലയുള്ള കൊറിയ ഏഷ്യ-പസിഫിക് പീസ് കമ്മിറ്റി ഉപരോധത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ ‘കോഴ വാങ്ങിയ രാജ്യങ്ങള്‍’ ആണ് യു.എന്‍ ഉപരോധത്തെ പിന്താങ്ങിയതെന്നും കമ്മിറ്റി ആരോപിച്ചു.

‘ഞങ്ങളുടെ സമീപത്ത് ജപ്പാന്‍ ഇനി ആവശ്യമില്ല. ജപ്പാന്റെ നാല് ദ്വീപുകളെ അണുബോംബിട്ടു കടലില്‍ മുക്കും. യു.എസിനെ ചാരമാക്കി ഇരുട്ടിലാക്കും ഉത്തര കൊറിയ പറഞ്ഞു. വാചകമടി തുടര്‍ന്നാല്‍ യു.എസ്. കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പിനുശേഷമാണു പുതിയ ഭീഷണി.

ആണവപദ്ധതിക്കു പണം കിട്ടാതാവുന്നതോടെ ഉത്തര കൊറിയ ചര്‍ച്ചയ്ക്കു വഴങ്ങുമെന്ന കണക്കുകൂട്ടലില്‍ കടുത്ത ഉപരോധ നടപടികളാണ് യു.എന്‍. രക്ഷാസമിതി സ്വീകരിച്ചത്. പ്രകൃതി വാതകം, എണ്ണയുടെ ഉപോല്‍പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതി പൂര്‍ണമായി വിലക്കി. കല്‍ക്കരി കഴിഞ്ഞാല്‍ തുണിത്തരങ്ങളുടെ കയറ്റുമതിയാണു കൊറിയയുടെ പ്രധാന വരുമാനമാര്‍ഗം. ഇതും നിരോധിച്ചു.