ഗുര്‍മീതിനെ രക്ഷിക്കാന്‍ ഗൂഡാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു

ഛണ്ഡിഗഢ്: വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ഹരിയാന പോലീസിലെ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരെയും ഒരു കോണ്‍സ്റ്റബിളിനേയുമാണ് അറസ്റ്റ് ചെയ്തത്. ഗുര്‍മീത് കുറ്റക്കാരനായ ബലാല്‍സംഗ കേസില്‍ കോടതിയുടെ ശിക്ഷാ വിധി പ്രഖ്യാപനത്തിനു ശേഷം ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ പദ്ധതിയിട്ടുകൊണ്ടുള്ള ഗൂഢാലോചനയില്‍ ഇവര്‍ പങ്കുചേര്‍ന്നിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിക്കുകയുണ്ടായി.

ആദ്യ വിചാരണക്കായി കോടതിയിലേക്ക് കൊണ്ടു പോവുന്നതിനിടെ ഗുര്‍മീതിനെ അനുഗമിച്ചവരായിരുന്നു ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായ അമിതും രാജേഷും, കോണ്‍സ്റ്റബിളായ രാജേഷും. ഗുര്‍മീതിനു ശിക്ഷ വിധിച്ച ശേഷമുള്ള തുടരന്വേഷണത്തില്‍ പങ്കുചേരണമെന്നാവശ്യപ്പെട്ട് പഞ്ചഗുളയിലേക്ക് വിളിച്ചു വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാജ്യദ്രോഹമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മന്‍ബീര്‍ സിംങ് പറഞ്ഞു.