പ്രണയമാണ് ആനവണ്ടിയോട്‌; അടങ്ങാത്ത പ്രണയത്തെ നെഞ്ചോട് ചേര്‍ത്ത് ശ്യാം വിരിയിച്ചെടുക്കുന്നതിലും കാണാം ആ സൗന്ദര്യം

റിപ്പോര്‍ട്ട്:  അശോക് സുനില്‍

കെ.എസ്.ആര്‍.ടി.സി. നഷ്ടത്തിലാണ്…. അല്ല ലാഭത്തിലാണ്… ശരി നിങ്ങളിങ്ങനെയൊക്കെ കണക്കു നിരത്തി പറയുമ്പോഴും ചങ്ക് പറിച്ച് കൂടെ നിക്കുന്നവരുണ്ടിടെ അത് മറക്കരുത്…. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ആണ് ഇങ്ങനെ പറയാന്‍ കാരണം.

ശ്യാംകുമാര്‍ ആചാര്യ എന്നയാള്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും അത്രമേല്‍ നിങ്ങളെ അത്ഭുതപ്പെടുത്തും തീര്‍ച്ച. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ശ്യാം ബസുകളുടെ ചെറുരൂപങ്ങള്‍ ഉണ്ടാക്കി തുടങ്ങിയത്. അതിന്റെ കാരണം ശ്യം പറയുന്നതിങ്ങനെ

‘കുട്ടിക്കാലത്ത് അച്ഛന്‍ ഞങ്ങള്‍ക്ക് ഓടിച്ചോണ്ട് നടക്കാന്‍ വേണ്ടി നാല് ചക്രങ്ങള്‍ ഒക്കെ വെച്ച് കളിപ്പാട്ടം ഉണ്ടാക്കി തന്നിരുന്നു. അതേലായിരുന്നു തുടക്കം. അതില്‍ പിന്നെ ചുണ്ണാമ്പ്, ഉജാല, മഞ്ഞള്‍ ഒക്കെയുപയോഗിച്ച് പെയിന്റിങ് തുടങ്ങി. കെ.എസ്.ആര്‍.ടി.സി. എന്നതിലേയ്ക്ക് അങ്ങനെയങ്ങ് വന്ന്. അത്രയ്ക്ക് ഇഷ്ടാണ്.’

ആദ്യം ചെറുതായി നിര്‍മ്മാണം ആരംഭിച്ച ശ്യാമിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഓരോ ബസുകള്‍ നിര്‍മ്മിച്ച് കഴിയുമ്പോഴും പോരായ്മകള്‍ പരിഹരിച്ച് മുന്നോട്ട് തന്നെ. അങ്ങനെ കെ.എസ്.ആര്‍.ടി.സി.യുടെ പഴയ രൂപം മുതല്‍ ഇങ്ങോട്ട് ജന്റം ബസുകള്‍ വരെ ഈ 27 കാരന്‍ നിര്‍മ്മിച്ചു.

കൂടാതെ ബസുകളോടുള്ള പ്രണയം മൂത്ത് പ്രൈവറ്റ് ബസുകളേയും നിര്‍മ്മിക്കാന്‍ ശ്യാമിനായി. തുടര്‍ന്ന് നിരവധി അംഗീകാരങ്ങള്‍ നാട്ടില്‍ നിന്നും പ്രൈവറ്റ് ബസ് അസോസിയേഷന്റേതും അല്ലാതെയമൊക്കെയായി ശ്യാമിനെ തേടിയെത്തി. അതില്‍ തെല്ലൊന്നുമല്ല സന്തോഷമെന്ന് ശ്യം പറയുന്നു.

യൂട്യൂബില്‍ ബസ് നിര്‍മ്മിക്കുന്നതിന്റെ മെയ്ക്കിങ് വീഡിയോ ഉള്‍പ്പെടെ ശ്യാം പോസ്റ്റ് ചെയ്തതോടെ വീഡിയോ കണ്ട ആളുകള്‍ ഇപ്പോള്‍ അന്തം വിട്ടിരിക്കുകയാണ്. കാരണം അത്രമേല്‍ തന്‍മയത്വത്തോടെയാണ് ശ്യാം തന്റെ കരവിരുത് കാണിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ ബസുണ്ടാക്കാനായി ഭീമമായ തുക ചെലവിടുന്നില്ല ഈ കലാകാരന്‍. ഉപയോഗം തീര്‍ന്ന എണ്ണ പാട്ടകള്‍ പിന്നെ നമ്മുടെ ചുറ്റുപാടില്‍ നിന്ന് കിട്ടുന്ന വസ്തുക്കള്‍ പെയിന്റ് പശ തുടങ്ങി പണം തുച്ഛമായി ചെലവിട്ടാണ് നിര്‍മ്മാണം. എന്നാല്‍ ഇതില്‍ നിന്നൊക്കെ എല്ലാവരേയും അത്ഭുതപ്പെടുത്തുന്നത് ബസുകളുടെ രൂപം വാങ്ങാനായി ശ്യാമിന്റെ പക്കലെത്തുമ്പോള്‍ നിര്‍മ്മാണത്തിന് ശ്യം ചോാദിക്കുന്ന പ്രതിഫലം കേട്ടാണ്.

കാരണം ശ്യാം തന്റെ സൃഷ്ടിക്ക് വാങ്ങിക്കുന്നതാകട്ടെ 10 രൂപയ്ക്ക് താഴെ. എല്ലാ ദിവസവും 1-2 മണിക്കൂര്‍ സമയം തന്റെ കലാപരമായ കഴിവ് പ്രകടിപ്പിക്കുന്നതിനു വേണ്ടി മാറ്റി വെയ്ക്കുന്നുണ്ട് ഈ കലാകാരന്‍. എല്ലായിടത്തുനിന്നും നല്ല പ്രചോദനമാണ് കിട്ടുന്നതെന്ന് ശ്യാം പറയുന്നു.

എങ്കിലും തന്റെ സ്വപ്നത്തിലേയ്ക്ക് എത്തിയിട്ടില്ല ഈ കലാകാരന്‍. ശ്യാമിന് നല്ലൊരു അര്‍ട്ടിസ്റ്റാകണം സിനിമാ മേഖലയില്‍ എത്തണം. നല്ല ആര്‍ട്ട് വര്‍ക്കുകള്‍ ലോകത്തിന് സമര്‍പ്പിക്കണം. അധികം വൈകാതെ സിനിമയില്‍ നിന്നുള്ള വിളിയെത്തുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരന്‍.

ബി.എ. ഇംഗ്ലീഷില്‍ ബിരുദം നേടിയ ശ്യം ഇപ്പോള്‍ യുപിഎസ്‌സി പരീക്ഷകള്‍ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഇനി സര്‍ക്കാര്‍ ഉദ്യോഗം തനിക്ക് കിട്ടിയാലും ഇപ്പോള്‍ ആനന്ദം തരുന്ന മേഖല കൈവിടില്ലെന്ന് കടുത്തുരുത്തി ഞീഴൂര്‍ സ്വദേശിയായ ശ്യം തറപ്പിച്ചു പറയുന്നുണ്ട്. അച്ഛന്‍ റിട്ട: അധ്യാപകനായ സുകുമാരനും അമ്മ ഓമനയും രണ്ട് സഹോദരങ്ങുമാണ് ശ്യാമിന്റെ കരുത്ത്.

വീഡിയോ കാണാം..