ഇര്‍മ ചുഴലിയില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കി സിറിയന്‍ സഹോദരിമാര്‍ മാതൃകയായി

പി.പി. ചെറിയാന്‍

ഫ്ലോറിഡ: ഫ്ലോറിഡ ജോര്‍ജിയ പ്രദേശങ്ങളില്‍ നാശം വിതച്ച ഇര്‍മ ചുഴലിയില്‍ നിന്നും രക്ഷപ്പെടുന്നതിന് വീടുകള്‍ ഉപേക്ഷിച്ച് അഭയ കേന്ദ്രങ്ങളില്‍ എത്തിയവര്‍ക്ക് സിറിയന്‍ അഭയാര്‍ത്ഥികളായ സഹോദരിമാര്‍ ഭക്ഷണം സ്വന്തമായി പാകം ചെയ്ത് നല്‍കി മാതൃകയായി.

2012 ല്‍ സിറിയാ സിവില്‍വാര്‍ പൊട്ടിപുറപ്പെട്ടപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ട് ജോര്‍ജിയയിലെ ക്ലാര്‍ക്ക്സണില്‍ അഭയാര്‍ത്ഥികളായി എത്തിച്ചേര്‍ന്ന അബീര്‍ നോറ സഹോദരിമാര്‍ തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന ദുരിതത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തിയപ്പോള്‍ സര്‍വ്വതും മറന്നു ഇര്‍മ ചുഴലി മൂലം വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് അത്താണിയായി മാറിയത്.

ജോര്‍ജിയ അല്‍ഫറാട്ട ഇസ്ലാമിക് സെന്ററില്‍ അഭയം തേടി എത്തിയ 39 പേര്‍ക്കാണ് ഇവര്‍ പാകം ചെയ്ത ഭക്ഷണം താല്‍ക്കാലിക ആശ്വാസമായത്. മിഡില്‍ ഈസ്റ്റ് വിഭവങ്ങളായ തമ്പോല, കബാബ് എന്നിവയ്ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് മോസ്‌ക്ക് പണം നല്‍കുവാന്‍ തയ്യാറായെങ്കിലും സ്നേഹപൂര്‍വ്വം ഇവര്‍ നിരസിക്കുകയായിരുന്നു.

സിറിയയില്‍ ഞങ്ങള്‍ അനുഭവിച്ച വേദനകള്‍ എത്രമാത്രമാണെന്ന് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് ഇര്‍മ ദുരന്തത്തിന്റെ പരിണിതഫലം അനുഭവിക്കുന്നവരുടെ വേദന മനസ്സിലാക്കി സഹായിക്കാന്‍ തയ്യാറായതെന്ന് സഹോദരിമാരായ അബീര്‍ (28) നോറ (30) എന്നിവര്‍ പറഞ്ഞു.

സ്വസഹോദരങ്ങളെ സഹായിക്കുകയും അവരോട് അനുകമ്പാ പൂര്‍വ്വം പെരുമാറണമെന്നുമാണ് ഞങ്ങളുടെ മതം പഠിപ്പിക്കുന്നത്. അതു ഞങ്ങള്‍ നിറവേറ്റി. അബീര്‍ പറഞ്ഞു.