ഡാലസിലെ ഗുരുദേവ ജയന്തിയും ഓണാഘോഷവും പ്രൗഢഗംഭീരമായി

പി.പി.ചെറിയാന്‍

ഡാലസ്: ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്സസിന്റെ ആഭിമുഖ്യത്തില്‍ 163ാമത് ഗുരുദേവ ജയന്തിയും ഓണാഘോഷങ്ങളും ഡാലസില്‍ ആഘോഷിച്ചു.

ഒക്ടോബര്‍ 16 ശനിയാഴ്ച വൈകിട്ട് 5 മുതല്‍ ഡാലസ് ശ്രീഗുരുവായൂരപ്പന്‍ ടെംപിള്‍ ഓഡിറ്റോറിയത്തില്‍ ത്രിവിക്രമന്‍ ഗുരുപൂജ നടത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

തുടര്‍ന്ന് ശ്രീനാരായണമിഷന്‍ (ഹൂസ്റ്റണ്‍) പ്രസിഡന്റ് അശ്വനി കുമാര്‍, ശ്രൂകുറുപ്പ് (റിട്ട. പ്രഫസര്‍), ശ്രീരാമചന്ദ്രന്‍ നായര്‍ (പ്രസിഡന്റ്, ഡാലസ് ഗുരുവായൂരപ്പന്‍ ക്ഷേത്രം പ്രസിഡന്റ്) കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. എസ്എന്‍എം സെക്രട്ടറി സന്തോഷ വിശ്വനാഥന്‍ എല്ലാവര്‍ക്കും സ്വാഗതം ആംശസിച്ചു.

ഒരു ജാതി, ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുവിന്റെ ആഹ്വാനം ആധുനിക കാലഘട്ടത്തില്‍ ഇന്നും പ്രശക്തമാണെന്ന് ഗുരുസന്ദേശം നല്‍കുന്നതിനിടെ മനോജ് കുട്ടപ്പന്‍ ഓര്‍മ്മപ്പെടുത്തി.

സവര്‍ണ മേധാവിത്വത്തിനും സമൂഹതിന്മകള്‍ക്കും എതിരെ പോരാടിയ, കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത കേരളത്തില്‍ നിലനിന്നിരുന്ന സവര്‍ണ മേല്‍ക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച, കേരളത്തില്‍ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും പരിഷ്‌ക്കര്‍ത്താവും നവോത്ഥാന നായകനുമായിരുന്ന ശ്രീനാരായണ ഗുരുവെന്ന തുടര്‍ന്നു പ്രസംഗിച്ച അശ്വനികുമാര്‍, കുറുപ്പ്, രാമചന്ദ്രന്‍നായര്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഓണാഘോഷങ്ങളോടനുബന്ധിച്ച് അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ അതീവ ആകര്‍ഷങ്ങളായിരുന്നു.

കേരളത്തില്‍ നിന്നെത്തിയ മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ ജയന്‍, പീറ്റര്‍ തുടങ്ങിയവര്‍ അവതരിപ്പിച്ച കലാപരിപാടികളും ഗാനങ്ങളും ശ്രവണ സുന്ദരമായിരുന്നു. ശ്രീകുമാര്‍ മഡോളിന്റെ നന്ദി പ്രകാശനത്തിനുശേഷം വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു.