പാരിസിന്റെ തിരുമുറ്റത്ത് പൊന്നോണ സദ്യയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്‍

പാരിസ്: പടിഞ്ഞാറന്‍ യൂറോപ്പിലെ പ്രമുഖ രാജ്യമായ ഫ്രാന്‍സില്‍ ആഗോള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് (ഡബ്ലിയു.എം.എഫ്) അത്യുജ്ജല തുടക്കം. ആധുനിക നൂറ്റാണ്ടിലെ രാജ്യാന്തര വേദികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന പാരിസില്‍ നൂറുകണക്കിന് മലയാളികളെ സാക്ഷി നിറുത്തിയാണ് ഡബ്ലിയു.എം.എഫിന് തിരിതെളിഞ്ഞത്.

നിറഞ്ഞ സദസില്‍ ആരംഭിച്ച സമ്മേളനം ഫ്രാന്‍സിലെ ഇന്ത്യന്‍ എംബസ്സിയുടെ ഫസ്റ്റ് സെക്രട്ടറി ലാവണ്യ കുമാര്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ വിവരിച്ചു ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍ പ്രഭാഷണം നടത്തി. ഫ്രാന്‍സിലെ പ്രതിനിധികളായ സുരേന്ദ്രന്‍ നായര്‍ (പ്രസിഡന്റ്), സുബാഷ് ഡേവിഡ് (സെക്രട്ടറി), റോയ് ആന്റണി (ട്രെഷറര്‍) എന്നിവരും, സംഘടനയുടെ ഓസ്ട്രിയ പ്രൊവിന്‍സിന്റെ പ്രതിനിധികളായ തോമസ് പടിഞ്ഞാറേകാലയില്‍, സാബു ചക്കാലയ്ക്കല്‍ എന്നിവരും സംസാരിച്ചു.

രണ്ടു ഘട്ടമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ ഡബ്ലിയു.എം.എഫിന്റെ ഉദ്ഘാടനവും, ഗംഭീരമായ ഓണസദ്യയും ഉണ്ടായിരുന്നു. മാവേലിയുടെ വരവേല്പും, തിരുവാതിരയും, നൃത്തനൃത്യങ്ങളും, സംഗീതവും ആഘോഷം അവിസ്മരണീയമാക്കി. കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച കലാപരിപാടികള്‍ ഏറെ ഹൃദ്യമായി. സുഭാഷ് ഡേവിഡ് നന്ദി പറഞ്ഞു. ജിത്തു ജനാര്‍ദ്ദനന്‍ (ചാരിറ്റി കണ്‍വീനര്‍), വനജ ടീച്ചര്‍, ശിവശങ്കര പിള്ളൈ, ജോസഫ് ജോണ്‍ തുടങ്ങിയവര്‍ സമ്മേളനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

ഓണപ്പാട്ടുകളുമായി നടത്തിയ ഓണസദ്യ മലയാളികള്‍ക്ക് മികച്ച അനുഭവമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാരീസിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന മലയാളികളെ ഒരുമിച്ചു കൂട്ടി ഇത്രയധികം ഗംഭീരമായ ഓണസദ്യ ഒരുക്കിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷങ്ങളായി പാരിസില്‍ ജീവിക്കുന്ന മലയാളികളോടൊപ്പം പുതിയതായി രാജ്യത്ത് എത്തിയ മലയാളികളും സന്നിഹിതരായ സമ്മേളനം ശ്രദ്ധേയമായത് പങ്കാളിത്തം കൊണ്ടുകൂടിയാണ്.

പ്രവാസി മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും ഒരേ കുടകീഴില്‍ അണിനിരത്തുക എന്ന മഹത്തായ ലക്ഷ്യം മുന്‍നിറുത്തി ആരംഭിച്ച ഡബ്‌ള്യു.എം.എഫ് ഇതിനോടകം തന്നെ എഴുപതിലധികം രാജ്യങ്ങളില്‍ പ്രൊവിന്‍സുകളും, യൂണിറ്റുകളും രൂപീകരിച്ചുകഴിഞ്ഞു. സംഘടനയുടെ ആദ്യ മഹാസമ്മേളനം നവംബര്‍ 2, 3 തീയതികളില്‍ നടക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി വ്യക്തികളും, കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ രംഗത്തുംനിന്നും പ്രശസ്ത വ്യക്തികളും പങ്കെടുക്കുന്ന സമ്മേളനം ഓസ്ട്രിയയുടെ തലസ്ഥാനനഗരിയായ വിയന്ന സിറ്റി സെന്‍ട്രലിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഗ്ലോബല്‍ കണ്‍വെന്‍ഷനോട് അനുബന്ധിച്ചു വനിതകള്‍ക്കും, യുവജനങ്ങള്‍ക്കും സിമ്പോസിയങ്ങളും സെമിനാറും നടക്കും. ബിസിനസ് രംഗത്തെ പ്രതിഭകള്‍ക്കും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതോടൊപ്പം, ഫെഡറേഷന്റെ അംഗങ്ങളുടെ ഉന്നമനത്തിനായുള്ള പ്രത്യേക വര്‍ക്ഷോപ്പുകളും ഉണ്ടാകും. സമാപന ദിനം കേരളത്തിന്റെ സ്വന്തം മ്യൂസിക് ബാന്‍ഡായ തൈക്കുടം ബ്രിഡ്ജ് ഒരുക്കുന്ന ഹൈ വോള്‍ട്ടിജ് സംഗീത നിശയും അരങ്ങേറും.