ശ്രീ പദ്മനാഭനെ കാണാന്‍ ഗാനഗന്ധര്‍വ്വന്റെ അപേക്ഷ; അപേക്ഷ പരിഗണിക്കുന്നത് നാളെ…

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശനാണ് പ്രത്യേക ദൂതന്‍ വഴി യേശുദാസ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്.

വിജയദശമി ദിവസമായ ഈ മാസം മുപ്പതിന് ക്ഷേത്രദര്‍ശനം നടത്തുവാന്‍ അനുവാദം നല്‍കണമെന്നാണ് യേശുദാസിന്റെ അപേക്ഷയില്‍ പറയുന്നത്. ക്ഷേത്രം തന്ത്രിയുടെ അഭിപ്രായം ഇക്കാര്യത്തില്‍ തേടിയ ശേഷം
യേശുദാസിന്റെ അപേക്ഷ നാളെ ചേരുന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി പരിഗണിക്കുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു.

സാധാരണഗതിയില്‍ ഹിന്ദുമത വിശ്വാസികളെയാണ് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാറുള്ളത്. എന്നാല്‍ വിദേശികളും മറ്റും ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ അനുവാദത്തോടെ പ്രവേശിക്കാറുണ്ട്. ഹൈന്ദവധര്‍മ്മം പിന്തുടരുന്നവരാണെന്ന സാക്ഷ്യപത്രം നല്‍കിയോ രാമകൃഷ്ണമിഷന്‍, ഹരേരാമ ഹരേകൃഷ്ണ തുടങ്ങിയ സംഘടനകളില്‍ നിന്നുമുള്ള സാക്ഷ്യപത്രം സമര്‍പ്പിച്ചോ ഇവിടെ പ്രവേശനം നേടാം.

മുകാംബിക, ശബരിമല തുടങ്ങിയ ക്ഷേത്രങ്ങളിലെ സ്ഥിരം സന്ദര്‍ശകനായ യേശുദാസിന്റെ കാര്യത്തില്‍ ക്ഷേത്രം എക്‌സിക്യൂട്ടീവ് കമ്മിറ്റി സമീപനം എന്താകുമെന്നാണ് അറിയാനുളളത്.