നേപ്പാള്‍ ചൈന ഹൈവേ യാഥാര്‍ഥ്യമായി ; ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത‍

ടിബറ്റിലൂടെ നേപ്പാള്‍ അതിര്‍ത്തിയിലേക്കുള്ള തന്ത്രപ്രധാന പാത ചൈന ഗതാഗതത്തിന് തുറന്നു. ഇന്ത്യയ്ക്ക് ഏറെ ആശങ്കയുണ്ടാക്കുന്ന പാത ആവശ്യസമയത്ത് സൈനിക നീക്കം നടത്താന്‍ കഴിയുന്ന തരത്തിലുള്ള പ്രതിരോധ ആവശ്യങ്ങള്‍ കൂടി മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള ഹൈവേയാണ്. ടിബറ്റ് സ്വയംഭരണ പ്രദേശത്തുള്ള ഷിഗാസെ സിറ്റി മുതല്‍ ഷിഗാസെ വിമാനത്താവളം വരെയുള്ള 40.4 കിലോമീറ്റര്‍ ഹൈവേയാണ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള ഷിഗാസെ സിറ്റിയില്‍ നിന്നുള്ള യാത്രാ സമയത്തിനെ ഒരിമണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് പുതിയ പാത. ചൈനയുടെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളിലൊന്നാണ് ഷിഗാസെയിലുള്ളത്.

നേപ്പാളിലേക്ക് റെയില്‍വേ ലൈന്‍ നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള നീക്കമെന്നാണ് ഈ ഹൈവേയെ വിശേഷിപ്പിക്കുന്നത്. ഈ ഹൈവേയുടെ ഒരുഭാഗം അവസാനിക്കുന്നത് ഇന്ത്യയിലെ അരുണാചല്‍ പ്രദേശിനി സമീപമുള്ള ടിബറ്റന്‍ നഗരമായ നിങ്ചിയിലാണ്. ദക്ഷിണേഷ്യയിലേക്കുള്ള തന്ത്രപ്രധാന പാതയെന്നാണ് പുതിയ ഹൈവേയെ ചൈനീസ് സര്‍ക്കാര്‍ മാധ്യമമായ ഗ്ലോബല്‍ ടൈംസ് വിശേഷിപ്പിച്ചത്.