പൂട്ടാനുറച്ച് തന്നെ; പ്രോസിക്യൂഷന്‍ പുതിയ തെളിവുനിരത്തി, ദിലീപ് രമ്യാ നമ്പീശനെ വിളിച്ചത് സംശയാസ്പദം

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിച്ച് പ്രോസിക്യൂഷന്‍. ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കവെയാണ് കൂടുതല്‍ തെളിവുകളുമായി പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരിക്കുന്നത്.

സംഭവം നടന്ന ദിവസം രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ദിലീപ് ഫോണ്‍ വിളിച്ചത് സംശയാസ്പദമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. രാത്രി പത്തു മണിയോടു കൂടി ലാന്‍ഡ് ഫോണിലാണ് ദിലീപ് രമ്യാനമ്പീശനെ വിളിച്ചത്.

രാത്രി 12.30വരെ ഫോണില്‍ പലരുമായും ദിലീപ് സംസാരിച്ചെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതെല്ലാം ദിലീപിനെ സംശയത്തിന്റെ നിഴലിലാക്കുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചു. അതേസമയം സംഭവം അറിഞ്ഞ് ദിലീപ് വിളിച്ചതാണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിക്കുകയും ചെയ്തു.

ദിലീപിനെതിരെ കൂട്ടമാനഭംഗം അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കും എന്ന് പറഞ്ഞ പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമുണ്ടെന്നും ജാമ്യത്തിന് തടസ്സം നിന്ന് കൊണ്ട് കോടതിയെ അറിയിച്ചു. പള്‍ഡസര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങള്‍ക്കും ദിലീപും ഉത്തരവാദിയാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ഇരുപത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ പോലീസ് ചുമത്തിയത്. സംഭവത്തില്‍ അറസ്റ്റിലായി 68 ദിവസം പിന്നിടുന്ന സാഹചര്യത്തില്‍ ദിലീപ് സമര്‍പ്പിക്കുന്ന നാലാമത്തെ ജാമ്യഹര്‍ജിയാണ് ഇത്.