മഴക്കെടുതിയില്‍ വീട് നഷ്ട്ടമായവര്‍ക്കു പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി എ കെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തുടരുന്ന കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് പുതിയ വീടുവെച്ച് നല്‍കുമെന്ന് മന്ത്രി എ.കെ ബാലന്‍.സംസ്ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന മഴ ഏറ്റവും അധികം ദുരിതം വിതച്ചത് പാലക്കാട് ജില്ലയയിലെ അട്ടപ്പാടിയിലാണ്. മഴയെത്തുടര്‍ന്ന് അട്ടപ്പാടിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ നിരവധി വീടുകളും കൃഷി സ്ഥലങ്ങളും നശിച്ചിരുന്നു.

ഉള്‍പ്രദേശമായതിനാല്‍ നാശനഷ്ടങ്ങളടെ കൃത്യമായ കണക്ക് ലഭിച്ചിട്ടില്ല. കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനു സമാനമായ മലവെള്ളപ്പാച്ചിലും പലയിടത്തുണ്ടായിട്ടുണ്ട്. പാലക്കാട്-അട്ടപ്പാടി റൂട്ടില്‍ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ ഗതാഗതം തടസ്സപ്പെട്ടു. അട്ടപ്പാടി ചുരത്തിലേക്ക് ഇന്നലെ മണ്ണിടിഞ്ഞു വീണിരുന്നു.

കനത്ത മഴമൂലം പാലക്കാട് കളക്ടറേറ്റിലും മണ്ണാര്‍ക്കാട് താലൂക്കോഫിസിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദുരന്തനിവാരണ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
അതേസമയം, ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം സംസ്ഥാനത്തെ ഏഴ് അണക്കെട്ടുകള്‍ തുറന്നിരുന്നു.