രോഹിന്‍ഗ്യകള്‍ക്ക് ഭീകരരുമായി ബന്ധം ; രാജ്യത്തു നിന്നൊഴിപ്പിച്ചേ മതിയാകൂ എന്ന് കേന്ദ്രം

രോഹിന്‍ഗ്യ മുസ്‌ലിംകളുടെ കുടിയേറ്റത്തില്‍ നിലപാടു കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. രോഹിന്‍ഗ്യകളെ രാജ്യത്തുനിന്ന് ഒഴിപ്പിക്കണമെന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മുലത്തില്‍ ആവശ്യപ്പെട്ടു.

2012ല്‍ തുടങ്ങിയ നുഴഞ്ഞുകയറ്റത്തില്‍ 40,000 പേരാണ് രാജ്യത്തെത്തിയത്. അഭയാര്‍ഥികളെ കടത്താന്‍ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുവെന്നും മ്യാന്‍മര്‍, ബംഗാള്‍, ത്രിപുര എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പയുന്നുണ്ട്. പാക്ക് സംഘടനകളുമായും രോഹിന്‍ഗ്യകള്‍ക്കു ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

രോഹിന്‍ഗ്യകളെ തിരിച്ചയക്കുന്നതു തടയണമെന്ന ഹര്‍ജിയിലാണു കേന്ദ്രം നിലപാടു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്ത് അഭയാര്‍ഥികളായി കഴിയുന്ന രോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്കു ഭീഷണിയാണെന്നാണു കേന്ദ്രസര്‍ക്കാര്‍ വാദം. സ്വന്തം പൗരന്മാരുടെ മൗലികാവകാശമാണു സുപ്രീംകോടതി സംരക്ഷിക്കേണ്ടതെന്ന നിലപാടാണു കേന്ദ്രത്തിന്. ഇന്ത്യയില്‍ അഭയം തേടിയെത്തിയ രോഹിന്‍ഗ്യ മുസ്‌ലിംകളെ മ്യാന്‍മറിലേക്കു തിരിച്ചയയ്ക്കാനുള്ള നീക്കത്തിനെതിരെ ഐക്യരാഷ്ട്ര സംഘടനയും ഇന്ത്യയിലെ വിവിധ സന്നദ്ധ സംഘടനകളും രംഗത്തെത്തിയിരുന്നു.

രോഹിന്‍ഗ്യ അഭയാര്‍ഥികള്‍ക്കു ഭീകരരുമായി ബന്ധമുണ്ടെന്നു രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രം സത്യവാങ്മുലത്തില്‍ പറയുന്നു. ഐഎസ് (ഇസ്‌ലാമിക് സ്റ്റേറ്റ്), ലഷ്‌കറെ തയിബ, പാക്കിസ്ഥാനിലെ മറ്റു ഭീകരസംഘടനകള്‍ എന്നിവയുമായി വ്യക്തമായ ബന്ധമുള്ളതായി തെളിവുകളുണ്ടെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമത്തോടു പറഞ്ഞു. സുപ്രീം കോടതി ആവശ്യപ്പെടുകയാണെങ്കില്‍ ഇതു സംബന്ധിച്ചു തയാറാക്കിയ രഹസ്യ റിപ്പോര്‍ട്ട് കേന്ദ്രം സമര്‍പ്പിക്കും.

നീതി തേടി രോഹിന്‍ഗ്യകള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ദിപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണു പരിഗണിക്കുക. മുതിര്‍ന്ന അഭിഭാഷകരായ ഫാലി എസ്. നരിമാന്‍, കപില്‍ സിബല്‍ എന്നിവരാണ് രോഹിന്‍ഗ്യകള്‍ക്കുവേണ്ടി ഹാജരായത്.