ദയാബായിയ്ക്ക് ആദരവും ബേബി കാക്കശ്ശേരിക്ക് പുരസ്‌കാരവും: സ്വിറ്റ്സര്‍ലന്‍ഡിലെ വാട്ട്‌സ്ആപ് കൂട്ടായ്മ ഹലോ ഫ്രണ്ട്‌സ് സമ്മേളനം ഒക്ടോബര്‍ 8ന് സൂറിച്ചില്‍

സൂറിച്ച്: തിരസ്‌കൃത മനുഷ്യര്‍ക്കു വേണ്ടി ഒറ്റയാള്‍ പോരാട്ടം നടത്തുന്ന സാമൂഹികപ്രവര്‍ത്തകയായ ദയാബായി എന്ന മേഴ്‌സി മാത്യുവിനു ആദരവും, കലാസാംസ്‌കാരിക രംഗത്ത് വ്യക്തിമുന്ദ്ര പതിപ്പിച്ച ബേബി കാക്കശ്ശേരിക്ക് പ്രവാസിരത്‌നാ അവാര്‍ഡും ഒരുക്കി സ്വിറ്റ്സര്‍ലന്‍ഡിലെ വാട്ട്‌സ്ആപ് കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സിന്റെ സമ്മേളനം ഒക്ടോബര്‍ 8ന് ഉച്ചകഴിഞ്ഞു 2.30ന് സൂറിച്ചില്‍ നടക്കും.

പാലാ പൂവരണി പുല്ലാട്ട് മത്തായിയുടെയും ഏലിക്കുട്ടിയുടെയും മകളായി പാലായില്‍ ജനിച്ച മേഴ്‌സി മാത്യു, എന്ന പതിനാറുകാരി കന്യാസ്ത്രീയാവാന്‍ ബിഹാറിലെ ഹസാരിബാഗ് കോണ്‍വെന്റിലെത്തി. ആഡംബരപൂര്‍ണ്ണമായ കോണ്‍വെന്റ് ജീവിതത്തിനിടയിലും ഗ്രാമവാസികളുടെ ദുരിത പൂര്‍ണ്ണമായ ജീവിതം കണ്ട് വേദനിച്ച അവള്‍ …. ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ അവരിലൊരാളായി പോകണമെന്ന മേഴ്‌സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂര്‍ത്തിയാക്കാതെ മഠത്തില്‍ നിന്നും പുറത്തുവന്നു. ദൈവസഭയിലല്ല പാവപെട്ട മനുഷ്യരുടെ വേദനയിലാണ് ദൈവമിരിക്കുന്നത് എന്ന തിരിച്ചറിവ് നേടി. ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച് അവര്‍ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു.

മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകള്‍ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തില്‍ അവരിലൊരാളായി ജീവിക്കാന്‍ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് ആദിവാസികളുടെ പരന്പരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളിലും റെയില്‍വേ സ്റ്റേഷന്‍ തറകളിലും അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച് ‘ദയാബായി’ ആയി. ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങള്‍ക്കായി പൊരുതി. ആദിവാസികള്‍ക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങി നിരവധി മര്‍ദ്ദനങ്ങള്‍ക്കിരയായി. പല്ലുകള്‍ കൊഴിഞ്ഞു. എതിര്‍പ്പുകളും മര്‍ദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.

സഹനത്തിന്റെയും,ചെറുത്തുനില്‍പ്പിന്റെയും വഴികളിലൂടെ അവര്‍ മുന്നേറി. അവരുടെ ശ്രമഫലമായി ഗ്രാമത്തില്‍ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായി. അവര്‍ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവര്‍ക്കായി നിയമയുദ്ധങ്ങള്‍ നടത്തി. ഝാന്‍സീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയില്‍ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദര്‍ശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്. ”സഹജീവി സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരമ്മ.

വനിതാ വുമണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം 2007, വിജില്‍ ഇന്ത്യയുടെ നാഷണല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അവാര്‍ഡ്, അയോദ്ധ്യാ രാമായണ്‍ ട്രസ്റ്റിന്റെ ജനനീ ജാഗ്രതീ അവാര്‍ഡ്, കേരളത്തിലെ സുരേന്ദ്രനാഥ് ട്രസ്റ്റ് അവാര്‍ഡ്, മികച്ച സാമൂഹികപ്രവര്‍ത്തകയ്ക്കുള്ള 2001ലെ ധര്‍മ്മഭാരതി ദേശീയ പുരസ്‌കാരം, ദി സ്പിരിറ്റ് ഓഫ് അസീസി’, ദേശീയ പുരസ്‌കാരം 2010, പി.കെ.എ. റഹീം സ്മാരക പുരസ്‌കാരം 2010, തുടങ്ങി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ പേരിനു ഉടമയായ ദയാബായിയെ സ്വിറ്റ്‌സര്‍ലണ്ടിലെ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് സ്‌നേഹാദരവോടെ ആദരിക്കുന്നു.

ഹലോ ഫ്രണ്ട്സ് ഈ വര്‍ഷം മുതല്‍ പ്രവാസ ജീവിതത്തില്‍ വിവിധതലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തികള്‍ക്ക് പ്രവാസിരത്ന അവാര്‍ഡ് നല്‍കുന്നു … ആദ്യ അവാര്‍ഡ് സ്വിറ്റ്‌സര്‍ലാണ്ടിലെ കലാസാംസ്‌കാരിക രംഗത്ത് നാലു പതിറ്റാണ്ടായി മിന്നിതിളങ്ങുന്ന ബേബി കാക്കശ്ശേരിക്ക് സമ്മാനിക്കുന്നു.

ജീവിതാനുഭവങ്ങളില്‍ നിന്നും ആറ്റിക്കുറുക്കിയെടുത്ത അനുഭവസന്പത്ത് ഹാസ്യ മേന്‌പൊടി ചേര്‍ത്ത് കാക്കശ്ശേരി കവിത വിളന്പുന്‌പോള്‍ അതിന്റെ സുന്ദരതാളത്തില്‍ അഭിരമിക്കുന്ന ഏതൊരു മനസ്സും പലപ്പോഴും അത് നിഗൂഹനം ചെയ്യുന്ന കയ്പ് അറിഞ്ഞില്ലെന്നുവരും. ഒരു ആശയം കവിതയാക്കുന്നതില്‍ അഗാധ വൈദഗ്ദ്ധ്യമുള്ള സര്‍ഗ്ഗധനനാണ് ബേബി കാക്കശ്ശേരി. മനസ്സില്‍ തെളിയുന്ന സത്യമാണ് കവിക്ക് കവിത. ഹൃദയത്തെ തൊടുന്ന ഹൃദയം കൊണ്ടെഴുതിയ കാക്കശ്ശേരി കവിത ഒരു ഏറുപടക്കം പോലെ ചില മനസ്സുകളില്‍ വീണ് പൊട്ടുന്നു. അതിന്റെ ശബ്ദവും, വെളിച്ചവും, പലരുടേയും മനതാരില്‍ വീശിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങളുടെ വെയിലേറ്റ് സ്വയം മുളച്ച് വളര്‍ന്നതുകൊണ്ടാകാം അദ്ദേഹത്തിന്റെ രചനകള്‍ക്ക് ഇത്ര കരുത്ത്. ‘വാക്കിനോളം തൂക്കമില്ലീയൂക്കന്‍ ഭൂമിക്കുപോലുമേ’ എന്ന വരികള്‍ അന്വര്‍ത്ഥമാക്കും വിധമാണ് കുഞ്ഞുണ്ണി ശിഷ്യനായ കാക്കയുടെ കവിതകള്‍.

നാടകം നാടിന്റെ അകമാണ്. നോവ് ഇല്ലെങ്കില്‍ നോവല്‍ ഇല്ല. കവിതയില്‍ ഒരു വിതയുണ്ട്. അലങ്കാരങ്ങള്‍കൊണ്ട് അക്ഷരങ്ങളെ അലങ്കോലപ്പെടുത്താതെ പ്രാസങ്ങള്‍ അനായാസേന വിതച്ചു ഏറെ കൊയ്യുന്നു കവി, കവിതയൊരു ചാട്ടവാറാക്കി സമൂഹത്തിലെ തിന്മകള്‍ക്കെതിരെയും ആഞ്ഞടിക്കുന്നു. മൂന്നു കവിതാ സമാഹരണങ്ങളും, ഒട്ടനവധി പാട്ടുകളും എഴുതി, മലയാള പിന്നണിഗാനരംഗത്തെ പ്രശസ്തരെക്കൊണ്ട് പാടിപ്പിച്ച നമ്മുടെ കവിക്ക് ഒക്ടോബര്‍ 7 നു 72 വയസ്സു തികയുന്നു. ഏഴു പതിറ്റാണ്ടു പിന്നിടുന്‌പോഴും ബേബിയെന്ന പേരുപോലെ ബേബിയായി രസിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന നമ്മുടെ ഈ സര്‍ഗ്ഗപ്രതിഭയ്ക്ക് HF ന്റെ ആദ്യ പ്രവാസി രത്‌ന അവാര്‍ഡ് സമ്മാനിക്കുവാന്‍ സാധിക്കുന്നത് HF ന്റെ പുണ്യമായി കരുതുന്നു.