സിക്‌സുകളില്‍ സെഞ്ച്വറി; ടി-ട്വന്റിയില്‍ ഗെയിലിന് പുതിയ റെക്കോര്‍ഡ്

ഡേറം: ട്വന്റി-20 എന്ന് കേള്‍ക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികളുടെ ഉളില്‍ ആദ്യം തെളിഞ്ഞു വരുന്നത് വെസ്റ്റിന്‍ഡീസിന്റ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെയാകും. കരീബിയന്‍ കരുത്തനായ ഈ പവര്‍ ഹിറ്ററുടെ ബാറ്റിങ് വിസ്ഫോട്നം ഐ.പി.എല്ലിലും നമ്മള്‍ ഒരുപാട് കണ്ടതാണ്.ഗെയിലിന്റെ കരുത്ത് ചോര്‍ന്നോ എന്ന് കഴിഞ്ഞ ഐ.പി.എല്ലില്‍ എല്ലാവരുമൊന്നു സംശയിച്ചു. കാരണം കഴിഞ്ഞ ഐ.പി.എല്ലില്‍ ഗെയിലിന്റെ ബാറ്റ് കാര്യമായി തീ തുപ്പിയില്ല.

പക്ഷെ ശനിയാഴ്ച്ച മറ്റൊരു റെക്കോഡു കൂടി സ്വന്തമാക്കി തന്റെ ബാറ്റിങ് കരുത്ത് വീണ്ടെടുത്തിരിക്കുകയാണ് ഗെയില്‍. അന്താരാഷ്ട്ര ടിട്വന്റിയില്‍ നൂറു സിക്സുകള്‍ അടിക്കുന്ന ആദ്യ ബാറ്റ്സ്മാന്‍ എന്ന റെക്കോഡാണ് വിന്‍ഡീസ് താരം നേടിയത്. മുപ്പത്തിയേഴുകാരനായ ഗെയില്‍ തന്റെ 52-ാം മത്സരത്തിലാണ് സിക്സില്‍ സെഞ്ചുറി തീര്‍ത്തത്. ഇംഗ്ലണ്ടിനെതിരായ ടിട്വന്റിയില്‍ ലെഫ്റ്റ് ആം സീമറായ ഡേവിഡ് വില്ലിയെ ഗാലറിക്ക് മുകളിലേക്ക് കൂറ്റന്‍ സിക്‌സര്‍ പറത്തിയാണ് ഗെയ്ല്‍ റെക്കോഡിട്ടത്. മത്സരത്തില്‍ 21 പന്തില്‍ ആറു സിക്സിന്റെ അകമ്പടിയോടെ 40 റണ്‍സാണ് ഗെയ്ല്‍ അടിച്ചെടുത്തത്. നൂറാമത്തെ സിക്സിന് ശേഷം മൂന്ന് സിക്സ് കൂടി കണ്ടെത്തിയ ഗെയിലിന്റെ പേരില്‍ നിലവില്‍ 103 സിക്സുകളായി.

ഗെയിലിന്റെ ബാറ്റിങ് മികവില്‍ മത്സരത്തില്‍ വിന്‍ഡീസ് ഇംഗ്ലണ്ടിനെ 21 റണ്‍സിന് പരാജയപ്പെടുത്തി. 91 സിക്സുമായി ബ്രണ്ടന്‍ മക്കല്ലം, 83 സിക്സടിച്ച ഷെയ്ന്‍ വാട്സണ്‍, 74 സിക്സ് നേടിയ ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഗെയ്ലിന് പിന്നിലുള്ളത്. ടി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ഇന്ത്യന്‍ താരത്തിന്റെ റെക്കോഡ് യുവരാജിന്റെ പേരിലാണ്. 74 സിക്സടിച്ച് യുവരാജ് ലോകത്ത് അഞ്ചാം സ്ഥാനത്താണ്.