ഉദ്ഘാടനത്തിന്റെ തലേ ദിവസം ഡാമിന്റെ കനാല്‍ തകര്‍ന്നു; ഒരു ഗ്രാമം മുഴുവന്‍ വെള്ളക്കെട്ടില്‍

പട്‌ന: ബിഹാറില്‍ വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യാനിരുന്ന അണക്കെട്ടിന്റെ കനാല്‍ തകര്‍ന്നു. ബുധനാഴ്ച രാവിലെ ട്രയല്‍ റണ്‍നടക്കുന്നതിനിടെയാണ് കനാല്‍ തകര്‍ന്നത്.

ബീഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് ഗുണം ലഭിക്കുന്ന രീതിയില്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ഗഡേശ്വര്‍ പന്ത് കനാല്‍ പദ്ധതി. ഡാമിന്റെ ഉദ്ഘാടനം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യാഴാഴ്ച നിര്‍വഹിക്കാനിരിക്കെയാണ് അണക്കെട്ട് തകര്‍ന്നത്. ഗംഗ നദിയില്‍ നിന്നുള്ള വെള്ളം ശക്തിയായി കനാല്‍ വഴി ഒഴുക്കിയപ്പോള്‍ കനാലിന്റെ ഭിത്തി തകരുകയായിരുന്നു. വെള്ളം ഖലഗോണിലും എന്‍.ടി.പി.സി ടൗണ്‍ഷിപ്പിലൂടെയും കുത്തിയൊഴുകി. സിവില്‍ ജഡ്ജിന്റെയും സബ് ജഡ്ജിന്റെയും വീടുകള്‍ വെള്ളക്കെട്ടിനകത്തായി.

അണക്കെട്ടിന്റെ ഉദ്ഘാടനം രാഷ്ട്രീയനേട്ടമാക്കി മാറ്റാനുളള ശ്രമത്തിലായിരുന്നു ബീഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡാം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് എല്ലാ പത്രങ്ങളിലും ഇന്ന് പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഡാംസൈറ്റില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ വരെ ഒഴുകിയെത്തിയ വെള്ളം എങ്ങനെ വഴിതിരിച്ചു വിടാമെന്ന് പരിശോധിക്കാന്‍ സംസ്ഥാന ജലവിഭവ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധന നടത്തിവരികയാണ്.