ദുരന്തഭൂമിയായി മെക്സിക്കോ നഗരം ; ഇതുവരെ പൊലിഞ്ഞത് 240ലേറെ ജീവന്‍

ഭൂകമ്പത്തെ തുടര്‍ന്ന്‍ ദുരന്തഭൂമിയായി മാറിയ മെക്‌സിക്കോ നഗരത്തില്‍ ഏവര്‍ക്കും ഹൃദയഭേദകമായ കാഴ്ച്ചയായി നഗരമധ്യത്തിലെ എന്റിക് റബ്‌സ്മന്‍ പ്രൈമറി സ്‌കൂള്‍. ആ പ്രദേശത്തെ സ്‌കൂള്‍ പരിസരമെന്ന് വിളിക്കാനാവില്ല. മൂന്ന് നില കെട്ടിടം പൂര്‍ണ്ണമായും തകരുകയായിരുന്നു. 21 കുട്ടികളുടെ മരണം സ്ഥിരീകരിച്ചുവെങ്കിലും 30 കുട്ടികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. തങ്ങളുടെ പൊന്നുമക്കള്‍ ജീവിച്ചിരിപ്പുണ്ടോ എന്നുള്ള പ്രതീക്ഷ പോലുമില്ലാതെ തകര്‍ന്നടിഞ്ഞ കെട്ടിടത്തിനു മുന്നില്‍ നിറകണ്ണുകളോടെ നിസ്സഹായരായി നില്‍ക്കുകയാണ് രക്ഷിതാക്കള്‍.

കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ട കുരുന്നുകളെ ജീവനോടെ വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ കൈകോര്‍ത്തിരിക്കുകയാണ് പട്ടാളവും പോലീസും ജനങ്ങളും. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇതുവരെ ഭൂചലനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നിലവില്‍ 238 ആയി ഉയര്‍ന്നു. മരണ സംഖ്യ ഇനിയും കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.1985ല്‍ മെക്‌സിക്കോയില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ വാര്‍ഷികത്തിലാണ് മറ്റൊരു ശക്തമായ ഭൂചലനത്തിന് രാജ്യം സാക്ഷ്യം വഹിച്ചത്.