പാക്കിസ്ഥാന്‍ അല്ല ടെററിസ്ഥാന്‍; ഇന്ത്യയ്‌ക്കെതിരായ നീക്കത്തില്‍ പാക്കിസ്ഥാന് ചുട്ട മറുപടി

 

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി ഇന്ത്യ. പാകിസ്താന്‍ ‘ടെററിസ്ഥാന്‍’(terroristan) ആയി മാറിയെന്ന് ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുള്ള മറുപടിയായാണ് ഇന്ത്യ പ്രതികരണം അറിയിച്ചത്.

കശ്മീരില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേകസംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി ആരോപിച്ചിരുന്നു.

ഒസാമാ ബിന്‍ ലാദന് ഒളിയിടം നല്‍കിയ രാജ്യം, ചതിയെ കുറിച്ചും വഞ്ചനയെ കുറിച്ചും സംസാരിക്കുന്നത് അസാധാരണമാണെന്നും ഇന്ത്യ പറഞ്ഞു. കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ, പാകിസ്താന്‍ ഭീകരവാദത്തിന്റെ പര്യായമായി മാറിക്കഴിഞ്ഞു. ‘ശുദ്ധമായ നാട്’ എന്ന് ആവശ്യം ശുദ്ധമായ ‘ഭീകരവാദത്തിന്റെ നാട്’ എന്നായി മാറിക്കഴിഞ്ഞു. പാകിസ്താന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’ആണ്.

ആഗോളഭീകരവാദത്തിന്റെ ഉത്പാദന കയറ്റുമതി കേന്ദ്രമായി പാകിസ്താന്‍ മാറിക്കഴിഞ്ഞെന്നും ഈനം ഗംഭീര്‍ പറഞ്ഞു. മിലിട്ടറിയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഭീകരര്‍ക്ക് ഒളിയിടങ്ങള്‍ നല്‍കിയും ഭീകരവാദ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കിയുമുള്ള പാകിസ്താന്റെ ഭീകരവിരുദ്ധ നയം ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതാണെന്നും അവര്‍ പറഞ്ഞു.