ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ ഉത്സവ് 2017ന് ഗംഭീര സമാപനം

വിയന്ന: ഐതിഹ്യങ്ങളുടെ പുനരവതരണവും, സംഗീതവും, കോരിത്തരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും, ഓണാസന്ദേശവും കോര്‍ത്തിണക്കി ഓസ്ട്രിയയിലെ മലയാളി സംഘടനയായ ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്ന അരങ്ങിലെത്തിച്ച ‘ഉത്സവ് 2017’ വര്‍ണ്ണോജ്വലമായി.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ നാള്‍വഴികള്‍ തുടങ്ങി രാജ്യം നേടിയെടുത്ത വിജയങ്ങളും സംഭവവികാസങ്ങളും ഉള്‍ക്കൊള്ളിച്ച ഹൃസ്വചിത്ര പ്രദര്‍ശനത്തോടെ ആയിരുന്നു ഉത്സവ് 2017ന് തിരി തെളിഞ്ഞത്. സംഘടനയുടെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി നല്‍കിയ വിവരണത്തോടെ പൊതുപരിപാടികള്‍ ആരംഭിച്ചു. രേഷ്മ മാരേട്ട്, മൃദുല കാരിക്കുഴി എന്നിവര്‍ അവതാരകരായിരുന്ന സമ്മേളനത്തില്‍ പ്രസിഡന്റ് സന്തോഷ് പനച്ചിക്കല്‍ സ്വാഗതം ആശംസിച്ചു.

മുന ദുസാര്‍ കലാ സന്ധ്യ ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ നിന്നും അംബാസിഡറിന് വേണ്ടി കൗണ്‍സിലര്‍ ശര്‍മ്മ, യൂണിയന്‍ ചെയര്‍മാന്‍ ക്രിസ്ത്യന്‍ മെയ്ഡ്ലിംഗര്‍ (എസ്.പി.ഓ), സൂസന്ന യോനാക്, യുര്‍ഗന്‍ ചെര്‍ണോസ്‌കി, ജില്ലാ ഭരണാധികാരി ഏര്‍ണ്‍സ്റ്റ് നേവ്രിവി തുടങ്ങിയവര്‍ സംസാരിച്ചു. ഓസ്ട്രിയയില്‍ ജീവിച്ചുകൊണ്ട് ഇന്ത്യക്കാര്‍ ഓസ്ട്രിയയ്ക്കും ഒപ്പം മാതൃരാജ്യത്തിനും നല്കുന്ന സംഭാവനകളെയും കലാസാംസ്‌കാരിക മേഖലകളില്‍ തുടരുന്ന മികവിനെയും അതിനു വേണ്ടി ഫൈന്‍ ആര്‍ട്സ് ഇന്ത്യ നടത്തുന്ന ശ്രമങ്ങളെയും അതിഥികള്‍ അഭിനന്ദിച്ചു.

സംഘടനയിലെ കുട്ടികള്‍ അവതരിപ്പിച്ച ക്ളാസിക്കല്‍ ഡാന്‍സും സിനിമാറ്റിക് ഡാന്‍സും മികവുറ്റതായപ്പോള്‍ മുതിര്‍ന്നവര്‍ അവതരിപ്പിച്ച തിരുവാതിരയും സ്‌കിറ്റും ഏറെ പ്രശംസ പിടിച്ചുപറ്റി. കലാതരംഗിണി മേരി ടീച്ചറും സംഘവും അവതരിപ്പിച്ച കുച്ചിപുടിയും, ആഫ്രിക്കയില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച പ്രത്യക പരിപാടിയും ഉത്സവിലെ വേറിട്ട അനുഭവമായി.

ഓണാഘോഷങ്ങളുടെ മദ്ധ്യേ നടത്തിയ തമ്പോല മത്സരങ്ങള്‍ക്ക് ഘോഷ് അഞ്ചേരില്‍, ബിനു മാര്‍ക്കോസ്, ലിസി ഐക്കരേട്ട് എന്നിവര്‍ നേതൃത്വം നല്‍കി. പ്രിന്‍സ് പത്തിപ്പറമ്പില്‍, നിതിന്‍ ഐക്കരേട്ട് തുടങ്ങിയവര്‍ ടെക്ക്‌നിക്കല്‍ സപ്പോര്‍ട്ട് ഒരുക്കി. ജനറല്‍ സെക്രട്ടറി സജി മതുപുറത്ത് നന്ദി പറഞ്ഞു. ഓണാഘോഷത്തിന്റെയും, കൂട്ടായ്മയുടേയുടെയും നിര്‍വൃതിയില്‍ ഫൈന്‍ ആര്‍ട്സ് ഇന്ത്യ വിയന്നയുടെ ഉത്സവ് 2017ന് ദേശിയ ഗാനത്തോടുകൂടി തിരശ്ശീല വീണു.