ലിംഗഭേദം നോക്കി നിയമത്തെ വളച്ചൊടിക്കുമ്പോള്‍; നീതി നിഷേധിക്കപ്പെടുന്ന പുരുഷസമൂഹം

എന്താണ് നിയമം ഓരോ വ്യക്തിക്കും താല്പര്യങ്ങളും അവകാശങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ അവ പാലിക്കപ്പെടണം. അതിനൊപ്പം തന്റെ സഹജീവികളുടെ താല്പര്യവും അവകാശവും മാനിക്കപ്പെടുകയും പാലിക്കപ്പെടുകയും വേണം. സമൂഹജീവിയായ മനുഷ്യന് സമാധാനപരവും ക്രമാനുസൃതവും സുസ്ഥിരവുമായ ജീവിതാവസ്ഥ ഉറപ്പാക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുന്നതും പാലിക്കപ്പെടുന്നതുമായ ഇത്തരം പെരുമാറ്റച്ചട്ടങ്ങളാണ് നിയമങ്ങള്‍ എന്നാണ് നിര്‍വചനങ്ങള്‍.

സ്വന്തം പൗരന്‍മാര്‍ക്കുവേണ്ടി പരമാധികാര രാഷ്ട്രം രൂപപ്പെടുത്തുന്നതും പുറപ്പെടുവിക്കുന്നതുമായ കല്പനകളും അവ ലംഘിക്കപ്പെട്ടാല്‍ ബാധകമാക്കപ്പെടുന്ന ശിക്ഷകളും സംബന്ധിച്ച വ്യവസ്ഥകളുടെ സമാഹാരമാണ് നിയമങ്ങള്‍. ജോണ്‍ ആസ്റ്റിന്‍ എന്ന ബ്രിട്ടീഷ് സൈദ്ധാന്തികന്‍ നിയമത്തിന് നല്‍കിയ നിര്‍വചനം ഇങ്ങനെയാണ്.

20ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ നിയമശാസ്ത്രകാരനായ റേസ്‌കോ പൗണ്ട് സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുള്ള ഒരു ഉപകരണമാണ് നിയമമെന്ന് നിര്‍വചിച്ചു.

ശരി എന്തിനാണ് ഇങ്ങനെ ഒക്കെ ഇപ്പോള്‍ പറയുന്നത് എന്നല്ലെ കാരണമുണ്ട്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാകണം. അത് എല്ലാവരും ഒരുപോലെ പാലിക്കണം അല്ലെങ്കില്‍ പാലിക്കപ്പെടേണ്ടതാണെന്ന് മുകളില്‍ സൂചിപ്പിച്ച വരികളില്‍ നിന്നു വ്യക്തമായെന്നു കരുതുന്നു.

ഇന്നൊരു ട്രെന്‍ഡ് നിലനില്‍ക്കുന്നുണ്ടെന്നു പറയാതെ വയ്യ. ഏതൊരു കേസിലും സ്ത്രീകളെ ഇരയാക്കി തീര്‍ത്താല്‍ കേസിന് ബലം കൂടും. തെരുവില്‍ ആണുങ്ങള്‍ തമ്മില്‍ നടന്ന വാക്കേറ്റത്തില്‍ വരെ ഭാര്യയും മക്കളേയും ആക്രമിച്ചെന്നാണ് പരാതി നല്‍കാറ്‌. ഈ മനോഭാവത്തിന് പിന്നിലെന്താണ് ?…

പകല്‍ പോലെ വ്യക്തം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നമ്മുടെ നിയമ വ്യവസ്ഥ നല്‍കുന്ന പ്രത്യേക പരിഗണനയുടെ ദുരുപയോഗം. അത് തന്നെയാണ് നൂറാവര്‍ത്തി പറയുന്ന പുരുഷ മേധാവിത്വത്തിന് തടയിടാന്‍ ഇന്ന് പലരും മറയാക്കുന്നതും.

ഇനി കാര്യത്തിലേയ്ക്കു കടക്കാം ഇന്ത്യയെന്ന വൈവിധ്യങ്ങളുടെ കലവറയില്‍ മതപരമായി നിലനില്‍ക്കുന്ന നിയമങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ ഉണ്ടെങ്കില്‍ പോലും പരക്കെ ബാധകമായ നിയമവ്യവസ്ഥയാണ് അംഗീകരിക്കപ്പെടുന്നത്. അതായത് അവിടെ സ്ത്രീയ്ക്കും പുരുഷനുമെല്ലാം ഒരേ നിയമം തന്നെയാണെന്ന് ചുരുക്കം.

നീതിദേവതയ്ക്ക് അവരെ രണ്ടായി കാണാനാകില്ല. എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന നിയമവ്യവസ്ഥയില്‍ അത് നടപ്പിലാക്കപ്പെടുന്നത് കലര്‍പ്പില്ലാതെ തന്നെയാണോ എന്ന സംശയമാണ് നിഴലിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി കേള്‍ക്കുന്ന സംഭവ വികാസങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ കുറിപ്പെഴുതാന്‍ പ്രരിപ്പിച്ചത്. അതായത് കൊച്ചിയില്‍ കഴിഞ്ഞ ദിവസം യൂബര്‍ ടാക്‌സി ഡ്രൈവര്‍ അതിക്രൂരമായി ആക്രമിക്കപ്പെടുകയുണ്ടായി. പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നതാകട്ടെ മൂന്ന് സത്രീകള്‍. ഇനി അവര്‍ ചെയ്ത തെറ്റ് എന്താണെന്നല്ലേ… ഒരു പുരുഷന്റെ തല കല്ലുകൊണ്ടിച്ച് പൊട്ടിച്ചു. വസ്ത്രം വലിച്ചു കീറി, അസഭ്യവര്‍ഷം ചൊരിഞ്ഞു. എനിനേറെ പറയുന്നു അവന്റെ അടിവസ്ത്രം വരെ കീറിയെറിഞ്ഞ് അട്ടഹസിച്ചു അവര്‍.

അതും പൊതു നിരത്തില്‍ നിയമപാലകര്‍ ഉള്‍പ്പെടെ നോക്കി നില്‍ക്കെ. എന്നിട്ട് ചെയ്ത കൃത്യത്തില്‍ നിന്ന് രക്ഷപ്പെടാനായി ചെയ്തതാകട്ടെ കൊടുത്തു ഡ്രൈവര്‍ക്കെതിരെ മോശമായി പെരുമാറി എന്ന പരാതി.

സംഭവം അങ്ങനെയാക്കെ ആയിക്കൊള്ളട്ടെ സ്ത്രീകള്‍ അപമാനിതരാകാന്‍ പാടില്ല. ഒരിടത്തും അങ്ങനെ സംഭവിക്കരുത് എന്ന് തന്നെയാണ് ആത്മാര്‍ഥമായ ആഗ്രഹവും. എങ്കിലും പറയാതിരിക്കാനാവില്ല. ആക്രമിക്കപ്പെട്ട ആ പുരുഷനും ന്യായമായി നീതി കിട്ടേണ്ടതുണ്ട് അത് കൊടുത്തേ പറ്റൂ.

എന്താണ് ഇങ്ങനെ പറയാന്‍ എന്നല്ലേ.. അതെ കാരണമുണ്ട്. സംഭവത്തില്‍ അങ്ങോളമിങ്ങോളം ദൃക്‌സാക്ഷിയായ ഷിനോജ് എന്ന ചെറുപ്പക്കാരന്‍ പോലീസില്‍ കൊടുത്ത മൊഴിയില്‍ പറയുന്നതനുസരിച്ച് യാതൊരു പ്രകോപനവും ആ ഡ്രൈവറുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. എന്നുമാത്രമല്ല ഇത്രമേല്‍ ആക്രമിക്കപ്പെട്ടിട്ടും സ്വയം രക്ഷയ്‌ക്കെന്നോണം പോലും അയാള്‍ ആ സ്ത്രീകളെ സ്പര്‍ശിച്ചിട്ടില്ലെന്നതാണ്.

അതായത് അയാള്‍ മാന്യത കാണിച്ചു. പക്ഷെ നിയമം ആനുകൂല്യം നല്‍കിയതാകട്ടെ ആ മൂന്ന് ക്രിമിനലുകള്‍ക്ക്. കൊലപാതക ശ്രമം ഉള്‍പ്പെടെ നിലനില്‍ക്കുന്ന കേസില്‍ പോലീസ് മൂന്ന് മങ്കമാരേയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. അവിടെ പ്രതി സ്ഥാനത്ത് പുരുഷനായിരുന്നെങ്കില്‍ നിയമം നേരെ തിരിഞ്ഞേനെ. സ്ത്രീകള്‍ക്ക് വേണ്ടിയും വേണ്ടാതേയും വായിട്ടലയ്ക്കുന്ന ഒരു ഫെമിനിസ്റ്റിന്റേയും മുരടനക്കം പോലും ഒരിടത്തും കേട്ടില്ല. അപലപിക്കുന്നുവെന്നും ആരും പറഞ്ഞു കേട്ടില്ല. തൊട്ടാല്‍ പൊള്ളുന്ന കേസാണെന്നാണ് ഒരു കൂട്ടരുടെ പക്ഷം.

എന്താണ് ഇത്തരത്തില്‍ കാര്യങ്ങള്‍ മാറി മറിയാന്‍ കാരണം. സ്വാമി ഗംഗേശാന്ദയുടെ കേസിലും കണ്ടു പരാതിയും സത്യം വെളിപ്പെടുത്തലുമെല്ലാമായി. ഇപ്പോഴും കേസില്‍ യാതൊരു വ്യക്തതയുമില്ലാതെ തുടരുന്നു. അന്നും കേരളം ആര്‍ത്തു വിളിച്ചു അവള്‍ക്കൊപ്പം. തെല്ലും സംശയമില്ല അവള്‍മാര്‍ക്കൊപ്പം തന്നെ നില്‍ക്കണം. എന്നാല്‍ അത് എല്ലായിപ്പോഴും വേണം. ആക്രമിക്കപ്പെടുമ്പോള്‍ മാത്രം ലിംഗവ്യത്യാസം നോക്കിയാകരുത്. ഇന്ത്യന്‍ നിയമം അങ്ങനെ രണ്ടായി നിര്‍വചിച്ചിട്ടില്ലെന്ന് ഓര്‍ക്കുകയും വേണം.

കുറ്റവാളികള്‍ ആരായാലും അത് സ്ത്രീയാകട്ടെ പുരുഷനാകട്ടെ ശിക്ഷിക്കപ്പെടുക തന്നെ വേണം. എന്നാല്‍ കാര്യമറിയാതെ നടത്തുന്ന ആക്രോശങ്ങളില്‍ പലപ്പോഴും ശരിക്കും ഇരയാക്കപ്പെട്ടിട്ടുള്ളത് പുരുഷനാണെന്ന സത്യം മനപ്പൂര്‍വ്വം വിസ്മരിക്കരുത്. സ്ത്രീ പക്ഷവാദികളും സ്ത്രീ സംഘടനകളും എല്ലാമായി ഇവിടെ സ്ത്രീത്വത്തിനു വേണ്ടി വാദിക്കാന്‍ ഒരുപാട് പേരുണ്ട്.

എന്നാല്‍ അത് കായബലമുള്ള പുരുഷനു അന്യമാണ്. പരസ്പര സമ്മതത്തോടു കൂടിയുള്ള ലൈംഗികതയുടെ പേരില്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകന്‍ പീഢനവീരനായി മുദ്രചാര്‍ത്തപ്പെട്ട് അഴിക്കുള്ളിലേയ്ക്ക് നടന്നു. ഓര്‍ക്കണം അവിടെ അക്ഷരാര്‍ഥത്തില്‍ നിങ്ങളും തെറ്റ് തന്നെയാണ്. അന്നു അത്രമേല്‍ അലമുറ കണ്ടില്ല അവള്‍ക്കൊപ്പമെന്ന് അതിന്റെ കാര്യ കാരണങ്ങള്‍ പറയാതെ തന്നെ മനസിലായിക്കാണും എന്നാണ് കരുതുന്നത്.

തൊഴിലിടത്തില്‍ ഒരു ദളിത് പെണ്‍കുട്ടി മാനസിക പീഢനത്തിനിരയായി, നമ്മുടെ കേരളത്തില്‍. അവിടേയും കേട്ട അവള്‍ക്കൊപ്പത്തിന്റെ തോത് കുറവായിരുന്നു. കാരണം എതിര്‍പക്ഷത്ത് നിങ്ങള്‍ക്ക് അങ്ങനെ പ്രതി ചേര്‍പ്പെടുന്നത് കാണാന്‍ ഇഷ്ടമില്ലാത്തവരായിരുന്നു. ഇങ്ങനെ ആരെ എങ്ങിനെ എന്നൊക്കെ നോക്കി ഹാഷ്ട്ാഗുകള്‍ സമര്‍ഥമായി ഇറക്കാന്‍ പര്‍ക്കും സാധിക്കുന്നു. അപ്പോഴാകട്ടെ സോഷ്യല്‍ മീഡിയയുടെ മായാവലയത്തില്‍ അടയിരിക്കുന്ന പലരും ഷെയറുള്‍ നല്‍കി അവിടെ സ്ത്രീപക്ഷ വാദികളാകുന്നു. ശരിയുടെ മറുപുറത്തേയ്ക്ക് ഒന്നെത്തി നോക്കുക പോലും ചെയ്യാതെ.

നിയമം അത് എല്ലാവര്‍ക്കും ഒന്നാണ് ലിംഗസമത്വത്തിനായി വാദിക്കുന്നവര്‍ അക്കാര്യം കൂടി മനസില്‍ കുറിച്ചിടണം. കാരണം ശബ്ദമുയര്‍ത്തേണ്ടത് ശരി തെറ്റുകള്‍ മനസിലാക്കിയാവണം അത് അവള്‍ക്കൊപ്പം എന്നാണെങ്കിലും അവനൊപ്പം എന്നാണെങ്കിലും.

വാല്‍കഷ്ണം; സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ സ്വയംരക്ഷയ്ക്കായി കരാട്ടെ ക്ലാസുകളും പ്രതിരോധമുറകളും വരെ പഠിപ്പിക്കുമ്പോള്‍ ‘ഇത്തരം മങ്കമാരില്‍’ നിന്നും രക്ഷനേടാന്‍ അവനേയും കൂടി…

 റിപ്പോര്‍ട്ട്‌:  പദ്മനാഭപിള്ള ( മനുഷ്യാവകാശ പ്രവര്‍ത്തകന്‍ )