ഫെയ്‌സ്ബുക്ക് ആന്‍ഡ്രോയിഡ് ആപ്പില്‍ നിന്ന് നേരിട്ട് വാട്‌സ് ആപ്പിലേക്ക് കടക്കാന്‍ ‘കുറുക്കു’ വഴി പരീക്ഷണവുമായി ഫേസ്ബുക്ക്

ഫെയ്‌സ്ബുക്ക് ആന്‍ഡ്രോയിഡ് ആപ്പില്‍ നിന്ന് വാട്‌സാപ്പിലേക്കുള്ള കുറുക്കുവഴി പരീക്ഷിക്കുന്നു. ഫെയ്‌സ്ബുക്ക് ആപ്പില്‍ തന്നെ കുറുക്കുവഴിക്കായി പ്രത്യേക ബട്ടണ്‍ ഒരുക്കിയാണ് ഈ പരീക്ഷണം. ഫെയ്‌സ്ബുക്കില്‍ നിന്ന് പുറത്തുപോയ ശേഷം വാട്‌സ് ആപ്പില്‍ കയറുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. ഇത് വിജയം കണ്ടാല്‍ ഉടന്‍തന്നെ ഫെയ്സ്ബുക്കില്‍ ഈ സൗകര്യം ലഭ്യമാകും. നെക്‌സ്റ്റ്‌വെബ് എന്ന വെബ്‌സൈറ്റാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഫെയ്‌സ്ബുക്ക് ആപ്പിനകത്ത് ഒരുക്കുന്ന വാട്‌സ്ആപ് ബട്ടന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് വെബ്‌സൈറ്റ് വിവരം പുറത്തുവിട്ടത്.

സാമൂഹിക മാധ്യമരംഗത്തെ ഒന്നാമനായ ഫെയ്‌സ്ബുക്ക്, ഡെന്‍മാര്‍ക്കിലെ ഒരു ചെറിയ ഗ്രൂപ്പില്‍ ആണ് ഈ പ്രത്യേകത പരീക്ഷിക്കുന്നത്. മെനുവില്‍ തന്നെ പ്രത്യക്ഷപ്പെടുന്ന രീതിയിലാണ് വാട്‌സ്ആപ് ഷോട്ട്കട്ട് ബട്ടണ്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് വേണ്ടിയാണ് ഫെയ്‌സ്ബുക്കിന്റെ പരീക്ഷണം എന്നാണ് വാര്‍ത്തകള്‍. ഇത് പിന്നീട് ഐ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്കും കൊണ്ടുവരുമെന്നാണ് പ്രതീക്ഷ.

നിലവില്‍ ഫെയ്‌സ്ബുക്കില്‍ തന്നെ ഇന്‍സ്റ്റഗ്രാം ബട്ടണ്‍ പ്രത്യക്ഷമാകുന്നതിന് സമാന രീതിയില്‍ തന്നെയായിരിക്കും വാട്‌സ്ആപ് ബട്ടണും ലഭ്യമാക്കുക. ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പിന് പ്രതിമാസം 1.3 ബില്യണ്‍ ഉപയോക്താക്കളുണ്ട്. ഫെയ്‌സ്ബുക്ക് കഴിഞ്ഞ ജൂണില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ രണ്ട് ബില്യണ്‍ കവിഞ്ഞു.വാട്‌സ് ആപ്പിന് കൂടുതല്‍ പ്രാമുഖ്യം നല്‍കി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാനുള്ള സൗകര്യമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.