കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ വധശിക്ഷ ഇളവു ചെയ്തു;119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും ഇളവ്

ന്യൂഡല്‍ഹി: കുവൈറ്റില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തു, ഒരാളെ വെറുതെവിട്ടു. കുവൈറ്റ് അമീറിന്റേതാണു തീരുമാനമെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. നേരത്തെ വിവിധ കുറ്റങ്ങളില്‍ 17 ഇന്ത്യക്കാര്‍ക്കാണ് കുവൈറ്റില്‍ വധശിക്ഷ വിധിച്ചിരുന്നത്.

എന്നാല്‍ ഇവരില്‍ എത്ര മലയാളികളുണ്ടെന്നു വ്യക്തമല്ല. വിവിധ കുറ്റങ്ങള്‍ക്കു വിധിക്കപ്പെട്ടു ജയിലിലായിരുന്ന 119 ഇന്ത്യക്കാരുടെ തടവുശിക്ഷയിലും അമീര്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇവരില്‍ മലയാളികളും ഉള്‍പ്പെടുന്നതായാണു സൂചന.

ജയിലില്‍നിന്നു വിട്ടയയ്ക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ അവിടുത്തെ ഇന്ത്യന്‍ എംബസി ഉറപ്പുവരുത്തുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി.  ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിനിടെ 149 ഇന്ത്യക്കാരെ വിട്ടയയ്ക്കാന്‍ കഴിഞ്ഞ ദിവസം ഷാര്‍ജയും തീരുമാനിച്ചിരുന്നു.