കേവലം ഒരാഴ്ച്ച; ദിലീപിനും അന്വേഷണ സംഘത്തിനും നിര്‍ണ്ണായകം, ജാമ്യാപേക്ഷയില്‍ വിധി ഈ ആഴ്ച്ചയില്‍

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഡാലോചനയുമായി ബന്ധപ്പെട്ട് ജയിലിലായ നടന്‍ ദിലീപിന് ഈ ആഴ്ച നിര്‍ണ്ണായകം. നിലവിലിതുവരെ 21 പേരുടെ രഹസ്യമൊഴിയാണ് കേസില്‍ രേഖപ്പെടുത്തിയത്. കേസില്‍ ഇനിയുള്ളത് നാലു സാക്ഷികള്‍ കൂടിയാണ്.

90 ദിവസം കഴിഞ്ഞാല്‍ സ്വമേധയാ ദിലീപിന് ജാമ്യം കിട്ടുമെന്നിരിക്കെ എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിന്റെ നീക്കത്തിന് തടയിടാനാണ് പോലീസ് ശ്രമിക്കുന്നത്. കേസില്‍ ദിലീപ് കുറ്റക്കാരനാണെന്ന് ഉറപ്പിക്കാനുള്ള എല്ലാ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് പോലീസിന്റെ വാദം.

അതേസമയം ഇനിയും ചിലരെകൂടി ചോദ്യം ചെയ്യാനുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നാദിര്‍ഷയെ വീണ്ടും വിളിച്ചുവരുത്തുന്ന കാര്യത്തില്‍ പോലീസ് ഇതുവരെ തീരുമാനത്തിലെത്തിയിട്ടില്ല. നടിയെ ആക്രമിച്ച് അശ്ലില ദൃശ്യം പകര്‍ത്താന്‍ സുനിക്ക് ഒന്നരക്കോടി രൂപയ്ക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നാണ് പ്രോസിക്യൂഷന്‍ വാദം.

ഏതെങ്കിലും കാരണവശാല്‍ പിടിക്കപ്പെട്ടാല്‍ മൂന്ന് കോടിരൂപ സുനിക്ക് നല്‍കാമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചിരുന്നു. കേസില്‍ ദിലീപിന്റെ പങ്കിനെക്കുറിച്ച് സുനി വെളിപ്പെടുത്തിയതായി സുനിയുടെ സഹതടവുകാരന്‍ വിപിന്‍ലാലിന്റെ മൊഴിയും പ്രോസിക്യൂഷന്‍ ഇതിനായി ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ കൂട്ട മാനഭംഗം നിലനില്‍ക്കുമെന്ന് തന്നെയാണ് കോടതിയില്‍ പ്രോസിക്യൂഷന്റെ വാദം. അശ്ലീല ദൃശ്യം പകര്‍ത്താനുള്ള ക്വട്ടേഷന്റെ ഫലമാണ് മാനഭംഗമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ദിലീപിന്റെ മൂന്നാം ജാമ്യാപേക്ഷ ഹൈക്കോടതി ഈ ആഴ്ച പരിഗണിക്കും. അതിന് മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം ഉള്ളത്.

ദിലീപിന്റെ റിമാന്റ് കാലാവധി 90 ദിവസം പൂര്‍ത്തിയാക്കും മുമ്പായി കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍, ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എന്നിവ കണ്ടെത്താനുള്ള ശ്രമങ്ങളും തുരുകയാണ് തുടരുകയാണ്. അതേസമയം ചിത്രങ്ങളും വീഡിയോയും പകര്‍ത്തപ്പെട്ട രണ്ടു മെമ്മറ്റി കാര്‍ഡ് പോലീസിന്റെ കൈവശമുണ്ട്.

കുറ്റപത്രം കോടതിയില്‍ എത്തുന്നതോടെ കേസില്‍ ദിലീപിന്റെ പങ്കിനെ കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നേയ്ക്കും. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചവ മാത്രമാണ് ഇതുവരെ പുറത്തു വന്നിരിക്കുന്നത്. ഇപ്പോള്‍ 84 ദിവസം ദിലീപ് ആലുവ സബ്ജയിലില്‍ പൂര്‍ത്തിയാക്കി. ദിലീപിന്റെ മൂന്നാം ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരിക്കുകയാണ്.

അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ വിധി പുറപ്പെടുവിക്കുകയും ചെയ്യും. ഒരു പക്ഷേ ജാമ്യം അനുവദിക്കേണ്ടി വന്നാല്‍ അത് പോലീസിനേയും സര്‍ക്കാരിനേയും സംബന്ധിച്ച് വലിയ പഴി കേള്‍ക്കുന്നതിലേയ്ക്കാവും കാര്യങ്ങളെ കൊണ്ടെത്തിക്കുക. അതു കൊണ്ട് തന്നെ പഴുതടച്ചാവും കുറ്റപത്രം തയ്യാറാക്കുക.