പ്രകോപനവുമായി വീണ്ടും ഉത്തരകൊറിയ; ജപ്പാന് മേല്‍ ആണവ മേഘങ്ങളെക്കൊണ്ട് നിറക്കുമെന്ന് ഭീഷണി

പ്യോങ് യാങ്: അന്താരാഷ്ട്രതലത്തില്‍ വീണ്ടും പ്രകോപനവുമായി ഉത്തരകൊറിയ. ജപ്പാനെതിരെ ആണവ ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഉത്തരകൊറിയ വീണ്ടും പ്രകോപനം സൃഷ്ടിക്കുകയാണ്. കഴിഞ്ഞമാസം നടന്ന ഐക്യരാഷ്ട്ര സഭാ പൊതുസമ്മേളനത്തില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ നടത്തിയ പരാമര്‍ശമാണ് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചത്.

‘ഉത്തരകൊറിയയുടെ ആണവ താത്പര്യങ്ങളെ ഇല്ലാതാക്കാന്‍ ചര്‍ച്ചകളല്ല സമ്മര്‍ദ്ദമാണ് ആവശ്യമെന്നായിരുന്നു’ ആബെ പ്രസംഗത്തില്‍ പറഞ്ഞത്. കൊറിയന്‍ മുനമ്പില്‍ രാഷ്ട്രീയതാത്പര്യത്തിനു വേണ്ടി ജപ്പാന്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തി. ഇതുനു പിന്നാലെയാണ് ജപ്പാനുമേല്‍ ഉത്തരകൊറിയ ആണവാക്രമണ ഭീഷണി ഉയര്‍ത്തിയത്.

”കൊറിയന്‍ മേഖലയില്‍ സമ്മര്‍ദം പ്രോത്സാഹിപ്പിക്കാനുള്ള ജപ്പാന്റെ ശ്രമം ആത്മഹത്യാപരമാണ്. ഇത് ജപ്പാന്‍ ദ്വീപസമൂഹത്തിനു മുകളില്‍ ആണവമേഘങ്ങളെ കൊണ്ടുവരാന്‍ കാരണമാകും”– കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. ആര്‍ക്കുമറിയില്ല കാര്യങ്ങള്‍ ആണവയുദ്ധത്തിലേക്ക് എപ്പോഴാണ് കടക്കുകയെന്ന്. അങ്ങനെയെങ്കില്‍ ജപ്പാന്‍ ദ്വീപസമൂഹത്തെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങുമെന്നും ലേഖനത്തില്‍ പറയുന്നു.

ഉത്തരകൊറിയ നിരന്തരമായി നടത്തുന്ന ആണവപരീക്ഷണങ്ങളാണ് മേഖലയില്‍ അസ്വസ്ഥതകള്‍ക്ക് വഴിവച്ചിരിക്കുന്നത്. അമേരിക്കക്കും, ജപ്പാനുമെതിരെ ആണവ ആക്രമണമുണ്ടാകുമെന്ന് നിരവധി തവണ ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഈ വര്‍ഷം നിരവധി മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. സെപ്റ്റംബര്‍ മൂന്നിന് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതോടെ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തിയത് മൂലം ഐക്യരാഷ്ട്ര സഭ ഉത്തരകൊറിയക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു ശേഷം കാര്യമായ പ്രകോപനങ്ങളൊന്നും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.