ആശാന്റെ വാദം തന്നെയാകുമോ ശരി; ദിലീപിന്റെ ജാമ്യത്തിലും നിലപാടിലുറച്ച് പിസി ജോര്‍ജ്ജ് എംഎല്‍എ

ദിലീപ് കേസില്‍ തുടക്കം മുതല്‍ തന്നെ സമൂഹമധ്യത്തില്‍ പഴികേട്ടതില്‍ പ്രധാനി പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജ് ആയിരുന്നു. എന്നാല്‍ താന്‍ മുന്നോട്ടു വെച്ച സംശയങ്ങള്‍ ബലപ്പെട്ടതിന്റെ ഏറ്റവും  വലിയ തെളിവാണ് ദിലീപിന്റെ ജാമ്യം എന്നാണ് പിസിയുടെ നിലപാട്. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗ് ക്യാംപെയിനുകള്‍ ഉയര്‍ന്നു തുടങ്ങിയപ്പോഴും, നിയമസഭാ സ്പീക്കറുമായി ഫെയ്‌സ്ബുക്കിലൂടെ തുറന്ന യുദ്ധം പ്രഖ്യപിച്ചു പി.സി.

പ്രധാനമായും വനിതാ കമ്മിഷന്‍ ഉള്‍പ്പെടെ സ്വമേധയാ കേസെടുക്കാന്‍ തീരുമാനം വന്നപ്പോഴും നിലപാടുകളില്‍ കടുകിട വ്യതിചലിക്കില്ല എന്നു തന്നെയായിരുന്നു പൂഞ്ഞാര്‍ എം.എല്‍.എയുടെ നിലപാട്.

ഇരയാക്കപ്പെട്ട നടിയെക്കൊണ്ട് ചിലര്‍ വേഷം കെട്ടിക്കുകയാണെന്ന നിലപാടാണ് പിസി മുന്നോട്ടു വെച്ചിരുന്നത്. എന്നാല്‍ അതുവഴി ആ പെണ്‍കുട്ടിയ്ക്ക് കിട്ടേണ്ട സ്വാഭാവിക നീതി പോലും കിട്ടാത്ത അവസ്ഥ വരുമെന്നും പി.സി. പറഞ്ഞു വെച്ചിരുന്നു. വ്യക്തി വിദ്വേഷം തീര്‍ക്കാനാണ് ദിലീപിനെ അഴിക്കുള്ളിലാക്കിയതെന്ന പിസിയുടെ വാദത്തിന്റെ സത്തയും ആധികം വൈകാതെ പുറത്തു വന്നേയ്ക്കും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ മേഖലയില്‍ നിന്നും രാഷ്ട്രീയ സാസ്‌കാരിക മേഖലയില്‍ നിന്നുമുള്‍പ്പെടെ എല്ലാവരും ദിലീപിനെ തിരിഞ്ഞു കൊത്തിയപ്പോള്‍ ശിക്ഷ നല്‍കേണ്ടത് നീതിയുക്തമായി തന്നെയാകണം എന്നു തുറന്നടിച്ചാണ് പി.സി. ജോര്‍ജ്ജ് വ്യത്യസ്തനായത്.

താന്‍ മുന്നോട്ടു വെച്ച സംശയങ്ങളായ ദിലീപിനെ കുടുക്കാന്‍ സിനിമാ മേഖലയില്‍ നിന്ന് തന്നെ ഗൂഢാലോചന നടക്കുന്നുണ്ടെന്നതും ഇതില്‍ പോലീസിനും പങ്കുണ്ടെന്നതും ഹൈക്കോടതി ജാമ്യം അനുവദിച്ച സമയത്തും പി.സി. ജോര്‍ജ്ജ് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ പറയുന്നു.നാളെ കേസിന്റെ പുരോഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ പിസി ജോര്‍ജ്ജിന്റെ വാദങ്ങളാകുമോ ശരി എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.