കേന്ദ്രം നികുതി കുറച്ചു ; പെട്രോളിനും ഡീസലിനും രണ്ടുരൂപ വീതം കുറയും

ന്യൂഡല്‍ഹി : പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് നികുതി കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഇനി പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ട് രൂപ കുറയും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വില കുറയും. കേന്ദ്ര എക്‌സൈസ് നികുതി കുറച്ചതാണ് വില കുറയാന്‍ കാരണം. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

നികുതി കുറയ്ക്കുന്നതുവഴി രാജ്യത്തിന് 26,000 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി. സാധാരണക്കാരുടെ താത്പര്യം സംരക്ഷിക്കാനാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം അവകാശപ്പെട്ടു. രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണവിലയുടെ അടിസ്ഥാനത്തിലാണ് രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനം ഇന്ധനവില നിശ്ചയിക്കുന്നത്.