കൊച്ചി മെട്രോ നഗര ഹൃദയത്തിലേക്ക് കുതിപ്പ് തുടങ്ങി; രണ്ടാം ഘട്ട പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര നഗരവികസന, ഭവന സഹമന്ത്രി ഹര്‍ദീപ്‌സിങ് പുരിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്തു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം സ്‌റ്റേഷനില്‍ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ച ശേഷം ഇരുവരും മെട്രോയില്‍ യാത്ര തുടരുന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ മഹാരാജാസ് കോളേജ് സ്റ്റേഡിയം വരെയുള്ള പുതിയ മെട്രോപാതയാണ് കൊച്ചിക്കാര്‍ക്കായി മുഖ്യമന്ത്രി സമര്‍പ്പിച്ചത്.

11.30ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കുള്ള സര്‍വിസിനും തുടക്കമാകും. അണ്ടര്‍ 17 ഫിഫ ലോകകപ്പ് തുടങ്ങും മുന്‍പ് തന്നെ മെട്രോയെ നഗരത്തിലെത്തിക്കുക എന്ന ലക്ഷ്യമാണ് ഇതോടെ സാക്ഷാത്കരിക്കപ്പെട്ടത്. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്നു സര്‍വിസ്.
മഹാരാജാസ് ഗ്രൗണ്ട് വരെ നീളുന്നതോടെ മെട്രോ ഓടുന്ന ദൂരം 13 കിലോമീറ്ററില്‍നിന്ന് 18 ആയി ഉയരും. സ്‌റ്റേഷനുകളുടെ എണ്ണം 11ല്‍നിന്ന് 16 ആകും.

മഹാരാജാസ് ഗ്രൗണ്ട് വരെ പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ സ്ഥിരം യാത്രക്കാര്‍ക്ക് നിരക്കുകളില്‍ ഇളവും ഏര്‍പ്പെടുത്തും. മെട്രോയിലെ സ്ഥിരം യാത്രക്കാരുടേയും വിനോദ സഞ്ചാരികളുടേയും എണ്ണം പുതിയ സര്‍വ്വീസ് ആരംഭിക്കുന്നതോടെ കണക്കാക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വ്വീസ് നീളുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയും കെ.എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നു.