റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു; നിരക്കുകളില്‍ മാറ്റമില്ല, പണപ്പെരുപ്പം കൂടുമെന്ന് വിലയിരുത്തല്‍

ന്യൂഡല്‍ഹി: നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയ പ്രഖ്യാപനം. റിപ്പോ നിരക്ക് ആറ് ശതമാനത്തില്‍ തുടരും. റിവേഴ്‌സ് റിപ്പോ നിരക്കിലും റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായി തുടരും. ആര്‍.ബി.ഐ വാണിജ്യ ബാങ്കുകള്‍ വായ്പകള്‍ നല്‍കുമ്പോള്‍ ചുമത്തുന്ന നിരക്കാണ് റിപ്പോ നിരക്ക്. നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ നിരക്ക് കുറയുമെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍ അറിയിച്ചു.

പണപ്പെരുപ്പം 4.2 മുതല്‍ 4.6 ശതമാനം വരെ വര്‍ധിച്ചേക്കും. പ്രതീക്ഷിത വളര്‍ച്ചാ നിരക്ക് 7.3ല്‍ നിന്ന് 6.7 ശതമാനം ആയി നിശ്ചയിച്ചുവെന്നും ആര്‍.ബി.ഐ അറിയിച്ചു.
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നിരക്കുകളില്‍ ആര്‍.ബി.ഐ മാറ്റം വരുത്തില്ലെന്ന് തന്നെയായിരുന്നു സൂചന. അതേ സമയം, ചില വ്യാപാര സംഘടനകള്‍ വളര്‍ച്ച കൈവരിക്കുന്നതിനായി നിരക്കുകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആര്‍.ബി.ഐ ഇത് പരിഗണിച്ചിട്ടില്ല.

അഞ്ചംഗ ആര്‍.ബി.ഐ മോണിട്ടറി പോളിസി കമ്മിറ്റി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെയാണ് പലിശ നിരക്ക് അതേപടി നിലനിര്‍ത്താന്‍ തീരുമാനിച്ചത്. നാല് അംഗങ്ങള്‍ നിരക്കുകളില്‍ മാറ്റം വരുത്തേണ്ടെന്ന് ആവശ്യപ്പെട്ടു. അതേസമയം ഒരംഗം 25 പോയിന്റ് കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ജി.എസ്.ടി നടപ്പാക്കിയത് മൂലം രാജ്യത്തെ സമ്പദ് വ്യവസ്ഥയിലുണ്ടായ മാന്ദ്യം താല്‍ക്കാലികമാണെന്ന് യോഗം വിലയിരുത്തിയതായി ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അഭിപ്രായപ്പെട്ടു.