നാട്ടില്‍ അവധിയ്ക്കുപോയ ഇറ്റലി മലയാളി ചാലക്കുടി പുഴയില്‍ മുങ്ങി മരിച്ചു

റോം/മാള: അവധികാലം ആഘോഷിക്കാന്‍ നാട്ടില്‍ പോയ ഇറ്റലി മലയാളി ചെറായി പൊറിഞ്ചു മാസ്റ്ററുടെ മകന്‍ ടോമി (47) മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.

അന്നമട അമ്പലക്കടവില്‍ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ടോമി നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങിപോകുകയായിരുന്നു. ഒപ്പമുണ്ടായ സുഹൃത്തുകള്‍ രക്ഷിക്കാന്‍ പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. പ്രദേശവാസികളായ യുവാക്കളാണ് ഒടുവില്‍ മൃതദേഹം കരയ്ക്കെത്തിച്ചത്. അഗ്നിശമനസേനയും അപകടം അറിഞ്ഞു സ്ഥലത്ത് എത്തിയിരുന്നു.

കുടുംബസമേതം ഇറ്റലിയില്‍ താമസമാക്കിയ ടോമി അവധിയ്ക്കായി എത്തിയതിനുശേഷം സുഹൃത്തിന്റെ സഹോദരിയുടെ വീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. റോമിലെ പ്രവാസി മലയാളികളുടെ ഇടയിലെ സജീവ പ്രവര്‍ത്തകനും അലിക്ക് മലയാളി സംഘടനയുടെ മുന്‍ ട്രഷററും, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗവും, സി.എഫ്.ഡിയുടെ അംഗവുമായിരുന്നു ടോമി. അദ്ദേഹത്തിന്റെ അകാലമരണത്തില്‍ റോമിലെ സുഹൃത്തുക്കളും, സംഘടനകളും അഗാധ ദുഃഖം രേഖപ്പെടുത്തി.