പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ അനസ്തീസിയക്ക് വിഷവാതകം; ശസ്തക്രിയക്കിടെ മരിച്ചത് 14 പേര്‍

ഗോരഖ്പുര്‍ കൂട്ടക്കുരുതി രാജ്യം മറക്കും മുന്നേ ഉത്തര്‍ പ്രദേശിലെ ആശുപത്രിയില്‍ നിന്ന് മറ്റൊരു ദാരുണ സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അനസ്തീസിയ മരുന്നിനു പകരം വ്യവസായികാവശ്യത്തിനുള്ള വാതകം ഉപയോഗിച്ചതിനെ തുടര്‍ന്നു 14 പേര്‍ കൊല്ലപ്പെട്ടു.

ബനാറസ് ഹിന്ദു സര്‍വകലാശാലയോട് (ബി.എച്ച്.യു.) ചേര്‍ന്നുള്ള സുന്ദര്‍ലാല്‍ ആശുപത്രിയിലാണു രാജ്യത്തെ ഞെട്ടിക്കുന്ന അനാസ്ഥ സംഭവിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരാണസിയിലെ കൂട്ടക്കുരുതിയില്‍ ആര്‍ക്കെതിരെയും ഇതുവരെ നടപടിയെടുത്തിട്ടില്ല.

ആശുപത്രികളില്‍ ചികിത്സയ്ക്കു അനുവദിച്ചിട്ടില്ലാത്ത വാതകമാണു ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് ഉപയോഗിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ ആറിനും എട്ടിനും ഇടയിലാണ് ആശുപത്രിയുടെ അനാസ്ഥ കാരണം 14 രോഗികള്‍ മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. അനസ്തീസിയ മരുന്നിനുപകരം നൈട്രസ് ഓക്‌സൈഡ് (N2O) ആണ് ഡോക്ടര്‍മാര്‍ ഉപയോഗിച്ചതെന്നു യു.പി. ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.

എങ്ങനെയാണു നൈട്രസ് ഓക്‌സൈഡ് ഉപയോഗിക്കാന്‍ ഇടയായത് എന്ന് അന്വേഷിച്ചു വരികയാണെന്നു ആശുപത്രി അധികൃതര്‍ പറഞ്ഞു. അലഹാബാദ് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനി പരേഹത് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ആണ് ആശുപത്രിയിലേക്കു നൈട്രസ് ഓക്‌സൈഡ് വിതരണം ചെയ്തത്. ഈ കമ്പനിക്ക് ഒരുവിധ മെഡിക്കല്‍ വാതകങ്ങളും നിര്‍മിക്കാനോ വില്‍ക്കാനോ അനുമതിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി.

നൈട്രസ് ഓക്‌സൈഡ് നേരിയ തോതില്‍ വൈദ്യരംഗത്ത് ഉപയോഗിക്കാറുണ്ട്. മയക്കത്തിനും വേദനസംഹാരിയായും. എന്നാല്‍ പരിധിവിട്ടുള്ള ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കും. ശരീരത്തിന്റെ പ്രതികരണ ശേഷി നഷ്ടപ്പെടുത്തുകയും ചെയ്യും.