സ്വന്തം സഹോദരിയുടെ വിവാഹ സത്കാരത്തില്‍ വൈദീകന്‍ ആലപിച്ച ഗാനം വൈറലായി: ഗാനം ഫാ. വില്‍സണ്‍ മേച്ചരിലിനെ എത്തിച്ചത് ഫ്‌ലവര്‍സ് ടിവിയുടെ കോമഡി ഉത്സവവേദിയില്‍

വിയന്ന: സംഗീതത്തിന്റെ നാട് എന്നറിപ്പെടുന്ന മധ്യയൂറോപ്പിലെ മനോഹര നഗരമായ ഓസ്ട്രിയയില്‍ നിന്നുള്ള മലയാളി കത്തോലിക്കാ വൈദീകന്‍ ആലപിച്ച ഗാനം സോഷ്യല്‍ മീഡിയ വൈറലായി. ഇളയ സഹോദരിയുടെ വിവാഹ വേളയില്‍ പാടിയ ‘സംഗീതമേ അമരസല്ലാപമേ’ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനമാണ് വില്‍സണ്‍ മേച്ചരില്‍ എന്ന പുരോഹിതനെ ലോക ശ്രദ്ധ ആകര്‍ഷിച്ചത്.

സഹോദരിയുടെ വിവാഹം പ്രമാണിച്ച് നാട്ടില്‍ അവധിയില്‍ എത്തിയ ഫാ. വില്‍സണ്‍ ആലപിച്ച ഗാനം ശ്രദ്ധയില്‍പ്പെട്ട ഫ്‌ലവര്‍സ് ചാനല്‍ അധികൃതര്‍ അദ്ദേഹത്തെ കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഒക്ടോബര്‍ ആറാം തിയതി രാത്രി 8.30ന് (ഇന്ത്യൻ സമയം) അദ്ദേഹം തന്റെ സംഗീതവുമായി ഫ്‌ളവേഴ്‌സിന്റെ വേദിയിലെത്തുകയാണ് വീണ്ടും. ഒട്ടും പ്രതീക്ഷിക്കാതെ ലഭിച്ച അവസരത്തിലൂടെ ജാതി, മത, വര്‍ഗ, വര്‍ണ ഭേദമന്യേ ഭാരതീയരായവര്‍ എല്ലാവരും ഒന്നാണെന്ന സന്ദേശം നല്‍കി കോമഡി ഉത്സവത്തിന്റെ വേദിയിലെത്തുന്ന ഫാ. വില്‍സണ്‍ പ്രക്ഷകരോടും ദൈവത്തോടും ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പ്രതികരിച്ചു.

ശ്രീ സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ നിന്നും സംഗീതത്തില്‍ ബിരുദവും ബിരുധാനാന്തര ബിരുദവും നേടിയിട്ടുള്ള അദ്ദേഹം ഇപ്പോള്‍ ഓസ്ട്രിയയില്‍ സംഗീതത്തില്‍ ഗവേഷണം നടത്തുകയും വിയന്ന നഗരത്തിലെ ഒരു ജര്‍മന്‍ ഇടവകയില്‍ സേവനം അനുഷ്ഠിയ്ക്കുകയും ചെയ്യുന്നു. വൈദീക പഠനകാലത്ത് കലാപ്രതിഭ ആയിട്ടുള്ള ഫാ. വില്‍സണ്‍ കേരളയൂണിവേഴ്‌സിറ്റിയുടെ മ്യൂസിക് മാസ്റ്ററ്റേഴ്‌സില്‍ ഒന്നാം റാങ്ക് ജേതാവ് കൂടിയാണ്. അതേവര്‍ഷം പ്രശസ്ത ഗായകന്‍ നജീം അര്‍ഷാദ് ആയിരുന്നു രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളുമാണ്.

വല്യമ്മയും മാതാപിതാക്കളും സഹോദരങ്ങളും, സംഗീത കോളേജിലെ അധ്യാപകരും അതേസമയം MCBS സഭാംഗങ്ങളും പ്രത്യേകിച്ചു കുര്യാക്കോസ് മൂഞ്ഞേലിയച്ചനുമാണ് സംഗീതത്തിലേക്കുള്ള പ്രചോദനമെന്നു പറയുന്ന ആദ്ദേഹം ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഗാനങ്ങളുടെ വലിയ ആരാധകനാണ്.

എറണാകുളം ജില്ലയിലെ ഇലഞ്ഞിയിലാണ് MCBS സഭാംഗമായ ഫാ. വില്‍സണ്‍ മേച്ചേരിലിന്റെ സ്വദേശം. മേച്ചേരില്‍ സേവ്യര്‍- ലില്ലിക്കുട്ടി ദമ്പതികളുടെ മൂത്ത മകനാണു ഫാ. വില്‍സണ്‍. വിനോദ്, വിജയ്, വിന്നി എന്നിവര്‍ സഹോദരങ്ങളാണ്.